
ന്യൂയോർക്ക്: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ലിയുടെ 80 -ാം സെഷനിൽ പങ്കെടുക്കാനെത്തിയതാണ് ജയശങ്കർ. 27ന് അദ്ദേഹം യു.എന്നിനെ അഭിസംബോധന ചെയ്യും. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്ക് യു.എസ് അധിക തീരുവ ചുമത്തിയ ശേഷം ആദ്യമായാണ് ജയശങ്കറും റൂബിയോയും കൂടിക്കാഴ്ച നടത്തുന്നത്. ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി തെരേസ ലസാരോയുമായും ജയശങ്കർ ചർച്ച നടത്തി. അതേ സമയം, യു.എസുമായുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നത് ലക്ഷ്യമിട്ട് വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലെ ഇന്ത്യൻ സംഘവും യു.എസിൽ ഉന്നത തല ചർച്ചകൾ നടത്തുന്നുണ്ട്.