
ന്യൂഡൽഹി: വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കമ്പാർട്ട്‌മെന്റിൽ ഒളിച്ചിരുന്ന് അഫ്‌ഗാൻ ബാലൻ ഇന്ത്യയിലെത്തി. കാബൂളിൽ നിന്നുള്ള കെഎഎം എയർ ഫ്ളൈറ്റ് ആർക്യു-4401 വിമാനത്തിൽ സാഹസിക യാത്ര നടത്തിയാണ് 13കാരനായ അഫ്‌ഗാൻ ബാലൻ ഡൽഹിയിലെത്തിയത്. ഞായറാഴ്‌ച രാവിലെ ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്.
വടക്കൻ അഫ്ഗാനിസ്ഥാനിലെ കുന്ദൂസ് സ്വദേശിയാണ് ബാലൻ. കാബൂൾ വിമാനത്താവളത്തിലെ നിരോധിത മേഖലയിൽ പ്രവേശിച്ച കുട്ടി വിമാനത്തിന്റെ പിൻഭാഗത്തെ സെൻട്രൽ ലാൻഡിംഗ് ഗിയർ കമ്പാർട്ടുമെന്റിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. കാബൂളിൽ നിന്ന് പുറപ്പെട്ട വിമാനം രണ്ട് മണിക്കൂർ യാത്രയ്ക്ക് ശേഷം രാവിലെ 11ഓടെയാണ് ഡൽഹിയിൽ ലാൻഡ് ചെയ്തത്. വിമാനത്താവളത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതുകണ്ട സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുത്തേക്കില്ല.
കൗതുകം മൂലമാണ് വിമാനത്തിൽ കയറിയതെന്നാണ് കുട്ടി അധികൃതരോട് പറഞ്ഞത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട അതേ വിമാനത്തിൽ തന്നെ കുട്ടിയെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനുമുൻപായി കെഎഎം എയർലൈൻസിലെ സുരക്ഷാ ഉദ്യോഗസ്ഥർ ലാൻഡിംഗ് ഗിയർ കമ്പാർട്ടുമെന്റിൽ വിശദമായ പരിശോധന നടത്തി. കുട്ടിയുടേതെന്ന് കരുതപ്പെടുന്ന ഒരു ചെറിയ ചുവന്ന സ്പീക്കർ കണ്ടെത്തി. പരിശോധനകൾക്ക് ശേഷം വിമാനം സുരക്ഷിതമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് യാത്ര തുടർന്നത്.