
ലാഹോർ: യു.എ.ഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെ ഇന്ത്യ ദയനീയമായി പരാജയപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയ്‌ക്കെതിരായ മത്സരം ജയിക്കണമെങ്കിൽ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറും പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ഓപ്പണർമാരായി ബാറ്റ് ചെയ്യണമെന്നാണ് മുൻ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാൻ ഖാൻ പറഞ്ഞത്. ഇമ്രാൻ ഇക്കാര്യം പറഞ്ഞതായി സഹോദരി അലീമ ഖാൻ ആണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെ പരിഹസിച്ചുകൊണ്ടായിരുന്നു ഇമ്രാന്റെ പ്രതികരണം.
ഇന്ത്യയ്‌ക്കെതിരായ ക്രിക്കറ്റ് മത്സരം ജയിക്കാനുള്ള ഏക മാർഗം സൈനിക മേധാവി ജനറൽ മുനീറും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയും ഓപ്പണർമാരായി ബാറ്റ് ചെയ്യുന്നത് മാത്രമാണ്. മുൻ പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് ഖാസി ഫായിസ് ഇസയും പാകിസ്ഥാൻ ചീഫ് ഇലക്ഷൻ കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജയും ആയിരിക്കണം അമ്പയർമാർ. മൂന്നാം അമ്പയർ ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സർഫറാസ് ദോഗറായിരിക്കണമെന്നും ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടതായും അലീമ ഖാൻ കൂട്ടിച്ചേർത്തു. 1992ൽ ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ തങ്ങളുടെ ആദ്യത്തേതും അവസാനത്തേതുമായ വിജയം സ്വന്തമാക്കിയപ്പോൾ ഇമ്രാൻ ഖാൻ ആയിരുന്നു നായകൻ.
അതേസമയം, ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരുവട്ടം കൂടി ഏറ്റുമുട്ടുമോ എന്ന് ഇന്നറിയാം. സൂപ്പർ ഫോർ റൗണ്ടിലെ പാകിസ്ഥാന്റെ രണ്ടാം മത്സരം ഇന്ന് ശ്രീലങ്കയ്ക്ക് എതിരെയാണ്. സൂപ്പർ ഫോർ റൗണ്ടിലെ ആദ്യമത്സരത്തിൽ ഇന്ത്യയോട് തോറ്റിരുന്ന പാകിസ്ഥാന് ഈ കളിയും തോറ്റാൽ നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിയും. ജയിച്ചാൽ ബംഗ്ളാദേശിനെതിരായ മത്സരത്തിന്റെ വിധി കൂടി പരിഗണിച്ച് ഫൈനലിലെത്താൻ സാദ്ധ്യതയുണ്ട്.