alexander-duncan

വാഷിംഗ്‌ടൺ: യുഎസ് നഗരമായ ടെക്‌സാസിൽ സ്ഥാപിച്ചിരിക്കുന്ന ഹനുമാൻ പ്രതിമയെക്കുറിച്ച് ടെക്‌സാസ് റിപ്പബ്ളിക്കൻ പാർട്ടി നേതാവ് നടത്തിയ പരാമർശം വിവാദത്തിൽ. ടെക്‌‌സാസിലെ ഷുഗർ ലാൻഡിൽ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന 'സ്റ്റാച്യു ഒഫ് യൂണിയൻ' എന്ന പേരിൽ അറിയപ്പെടുന്ന, 90 അടി ഉയരമുള്ള പ്രതിമയെക്കുറിച്ച് അലക്‌സാണ്ടർ ഡങ്കൻ നടത്തിയ പരാമർശമാണ് വിവാദത്തിലായത്. പ്രതിമ നിർമിക്കുന്നതിനെയും അലക്‌സാണ്ടർ എതിർത്തിരുന്നു.

'എന്തിനാണ് നമ്മൾ ടെക്സാസിൽ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ വ്യാജ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കുന്നത്? നമ്മൾ ഒരു ക്രിസ്ത്യൻ രാഷ്ട്രമാണ്'-എന്നാണ് പ്രതിമയുടെ വീഡിയോ പങ്കുവച്ച് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടി നേതാവ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. 'ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് പാടില്ല. നിങ്ങൾക്കുവേണ്ടി ഭൂമിയിലോ സ്വർഗത്തിലോ സമുദ്രത്തിലോ വിഗ്രഹം നിർമിക്കാൻ പാടില്ല'- എന്ന ബൈബിൾ വചനത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം മറ്റൊരു കുറിപ്പും പങ്കുവച്ചു. 2024ൽ ശ്രീ ചിന്നാജീയർ സ്വാമിജിയാണ് സ്റ്റാച്യു ഒഫ് യൂണിയൻ അനാച്ഛാദനം ചെയ്തത്. യുഎസിലെ മൂന്നാമത്തെ ഉയരമുള്ള പ്രതിമയാണിത്.

റിപ്പബ്ളിക്കൻ നേതാവിന്റെ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പരാമർശം ഹിന്ദു വിരുദ്ധമാണെന്നും സംഘർഷത്തിനിടയാക്കുന്നതാണെന്നും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (എച്ച്‌എഎഫ്) വിമർശിച്ചു. വിഷയത്തിൽ ടെക്‌സാസിലെ റിപ്പബ്ളിക്കൻ പാർട്ടി നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഏതൊരു മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം യുഎസ് ഭരണഘടന നൽകുന്നതായി നിരവധി സമൂഹമാദ്ധ്യമ ഉപഭോക്താക്കളും ചൂണ്ടിക്കാട്ടി.