
കാലം മാറിയതോടെ വിവാഹരീതികളിലും നിരവധി മാറ്റങ്ങൾ വരുന്നുണ്ട്. പല നവദമ്പതികളും സിനിമയിലെ വസ്ത്രങ്ങൾ, സീൻ, സ്ഥലം എന്നിവ ഉപയോഗിച്ച് വിവാഹത്തെ വ്യത്യസ്തമാക്കുന്നു. അത്തരത്തിലൊരു വിവാഹ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഒരു സിനിമയുടെ സീനാണ് ഇവിടെ ദമ്പതികൾ പുനഃസൃഷ്ടിച്ചിരിക്കുന്നത്. 2002ൽ പുറത്തിറങ്ങിയ സൂപ്പർഹീറോ ചിത്രമായ സ്‌പെെഡർമാനിലെ ചുംബന രംഗമാണ് പുനഃസൃഷ്ടിച്ചിരിക്കുന്നത്. തലകീഴായി തൂങ്ങിക്കിടക്കുന്ന പീറ്റർ പാർക്ക് എന്ന കഥാപാത്രത്തിനനെ നായികയായ മേരി ചുംബിക്കുന്നതാണ് രംഗം.
വിവാഹശേഷം നടന്നുവരുന്ന നവദമ്പതികളുടെ മുന്നിലേക്ക് ഒരു കയർ വീഴുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നാലെ വരൻ കയറിൽ പിടിച്ച് തലകീഴായി കിടക്കുകയും വധു ചുംബിക്കുകയും ചെയ്യുന്നു. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുഎസിലെ വെസ്റ്റ് മിഷിഗണിലെ കോർണർസ്റ്റോൺ പള്ളിയിലാണ് ഈ വിവാഹം നടന്നത്.
'എന്റെ ഭർത്താവിന് വിവാഹദിവസം ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് സ്‌പൈഡർമാൻ ചിത്രത്തിലെ ഈ ചുംബനരംഗം പുനഃസൃഷ്ടിക്കണമെന്നായിരുന്നു'- എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റി. നിരവധിപേരാണ് ലെെക്കും കമന്റുമായി രംഗത്തെത്തുന്നത്. 'ക്യൂട്ടായിട്ടുണ്ട്', 'സ്‌പെെഡർമാൻ വരൻ', 'ഇതിനെക്കാൾ വലിയ കെെയ്യടി അവർ അർഹിക്കുന്നു', 'എന്റെ വിവാഹത്തിനും ഈ രംഗം പുനഃസൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു', - ഇങ്ങനെ പോകുന്നു കമന്റുകൾ.