riya-bino

കോട്ടയം: സ്‌റ്റിയറിംഗിൽ കൈവച്ചു കഴിഞ്ഞാൽ കല്ലും കുഴിയും കുന്നും മലയുമൊന്നും വിഷയമല്ല പാലാക്കാരി റിയ ബിനോയ്‌ക്ക്. ഓഫ് റോഡ് ഈവന്റുകളിലെ പായും പുലിയാണ് പാലാ ബ്രിട്ടീഷ് കിൻഡർ സ്‌കൂളിലെ അദ്ധ്യാപികയായ റിയ. ഓഫ് റോഡ് ഡ്രൈവിംഗിലെ സൂപ്പർ താരം കവീക്കുന്ന് ചീരാംകുഴിയിൽ ബിനോ ജോസിന്റെ മൂത്തമകളായ റിയ എട്ടാം ക്ലാസ്‌ മുതൽ വളയം പിടിച്ച് തുടങ്ങിയതാണ്. പിതാവ് തന്നെയാണ് ഡ്രൈവിംഗിൽ റിയയുടെ ആശാൻ. ബിനോയുടെ ബുള്ളറ്റിലും ജീപ്പിലുമായിരുന്നു ആദ്യ പാഠങ്ങൾ പഠിച്ചത്. 18ാം വയസിൽ തന്നെ ഡ്രൈവിംഗ് ലൈസൻസും കരസ്ഥമാക്കി. രണ്ട് വർഷം മുൻപ് ഹെവി ലൈസൻസും നേടി ഈ ഇരുപത്തിനാലുകാരി. 2005 മോഡൽ ജീപ്പ് ടയർ മാറ്റിയാണ് ഓഫ് റോഡിന് ഉപയോഗിക്കുന്നത്.

അപ്പനൊപ്പം ഓഫ് റോഡിലേക്ക്
പിതാവ് ബിനോ, അപ്പാപ്പൻ, പിതാവിന്റെ അനുജൻ ജോസ് എന്നിവരാണ് റിയയുടെ ഓഫ് റോഡ് ഡ്രൈവിംഗിലെ പ്രചോദനം. പാലായിൽ റബ്ബർ തോട്ടവും കരിങ്കല്ല് ക്വാറിയും കുടുംബത്തിന് പാരമ്പര്യമായുണ്ടായിരുന്നു. ക്വാറിയിലേക്ക് ഡീസൽ ഉൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ടുപോയിരുന്നത് ജീപ്പിലും ജിപ്‌സിയിലുമായിരുന്നു. ഓഫ് റോഡിനെക്കാൾ ദുർഘടമായ പാതയിലൂടെയായിരുന്നു ജീപ്പിലെ യാത്ര ഏറെയും. അപ്പനൊപ്പം ജീപ്പിൽ കോ ഡ്രൈവറായുള്ള ഇത്തരം യാത്രകളാണ് റിയ ഓഫ് റോഡ് ഡ്രൈവിംഗ് ഇഷ്ടപ്പെടാൻ കാരണം.

അപകടവും പിന്തിരിപ്പിച്ചില്ല
2019ൽ വാഗമണ്ണിൽ ഓഫ് റോഡ് ഈവന്റിൽ പങ്കെടുക്കവെ ഫിനിഷിംഗിനിടെ ജീപ്പ് തലകീഴായി മറിഞ്ഞു. കുടുംബാംഗങ്ങളും ഈവന്റ് കാണുന്നതിനായി എത്തിയിരുന്നു. എല്ലാവരും ഭയന്നു. ഇതിന് ശേഷം കുടുംബത്തെ ഈവന്റിന് കൊണ്ടുപോകാറില്ല. പിതാവിനൊപ്പമാണ് റിയ ഓഫ് റോഡ് ഈവന്റിൽ പങ്കെടുക്കാൻ പോകുന്നത്. കോട്ടയത്ത് നടന്ന ഓഫ് റോഡ് മത്സരമായിരുന്നു ആദ്യ ഈവന്റ്. ലേഡീസ്, എക്‌സ്‌പേർട്ട് എന്നീ കാറ്റഗറികളിലാണ് മത്സരിക്കുന്നത്. വയനാട്, കോഴിക്കോട്, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിൽ ഈവന്റിൽ പങ്കെടുത്ത് ട്രോഫിയും കാഷ് പ്രൈസും കരസ്ഥമാക്കി. ആശയാണ് മാതാവ്. റോസ്, റോണ, റിച്ചു എന്നിവർ സഹോദരങ്ങളാണ്. ഇവരും റിയയുടെ പാത പിന്തുടരുകയാണ്.

സമ്മാനം നേടുന്നതിലുപരി, ക്രേസ് ആണ് ഓഫ് റോഡ് ഡ്രൈവിംഗ്. എല്ലാ വാഹനങ്ങളും ഓടിക്കുമെങ്കിലും ജീപ്പും, ഥാറുമാണ് ഏറെയിഷ്ടം. പെൺകുട്ടികളടക്കം ഡ്രൈവിംഗ് പഠിപ്പിക്കാൻ ആവശ്യപ്പെട്ട് എത്താറുണ്ട് റിയ ബിനോ പറയുന്നു.