
പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചപ്പോൾ, ബി.ജെ.പിക്കുള്ളിലും സംഘപരിവാറിലും 'പ്രായപരിധി"യുടെ കാര്യത്തിലുള്ള ഊഹാപോഹങ്ങൾ ശക്തമായി. എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ മുതിർന്ന നേതാക്കളുടെ വിരമിക്കലിലേക്ക് മാദ്ധ്യമങ്ങളും രാഷ്ട്രീയത്തിലെ ദോഷൈകദൃക്കുകളും വിരൽചൂണ്ടി. മോദിയെ വ്യത്യസ്തമായി പരിഗണിക്കേണ്ടതിന്റെ ആവശ്യകത എന്തെന്നാണ് വിമർശകർ ആരായുന്നത്!
ഇവയെല്ലാം നല്ല ചോദ്യങ്ങളാണ്. ജന്മദിനാഘോഷത്തിന്റെ സമയത്ത് പ്രതികരണങ്ങൾ ശക്തവും ഏകപക്ഷീയവുമായിരുന്നു. രാഷ്ട്രീയ പ്രവണതകൾക്കപ്പുറം, വസ്തുതകളോ സൂക്ഷ്മവിശകലനമോ കണക്കാക്കാതെ ഏവരും അഭിപ്രായം പറഞ്ഞുകൊണ്ടിരുന്നു. നാഴികക്കല്ലായ ആ പിറന്നാൾദിനം കഴിഞ്ഞതിനാൽ, ഇനി ഗൗരവത്തോടെയുള്ള വിശകലനം ആവശ്യമാണ്. ഇതിനായി, അന്താരാഷ്ട്രതലത്തിലും ഇന്ത്യയിലും ആധുനിക രാഷ്ട്രീയ സംസ്കാരങ്ങളെക്കുറിച്ചും മോദിയുടെ വ്യക്തിഗത മികവിനെക്കുറിച്ചും പഠിക്കേണ്ടതുണ്ട്.
1990-കളിൽ രാഷ്ട്രീയ ആശയവിനിമയത്തിലും പ്രതീകാത്മകതയിലും പ്രകടമായ മാറ്റം വന്നു. ശീതയുദ്ധം അവസാനിച്ചതോടെ പുതിയ പ്രതീക്ഷയും സാമ്പത്തിക വളർച്ചയും വന്നു. രാഷ്ട്രീയത്തെ കൂടുതൽ സാങ്കേതികമായി ജനങ്ങൾ കാണാൻ തുടങ്ങി. അതേസമയം വ്യവസായ- പൗര സമൂഹങ്ങൾ കൂടുതൽ സ്വതന്ത്രമാവുകയും ചെയ്തു. തീർച്ചയായും, പാശ്ചാത്യ രാജ്യങ്ങളിൽ ഇത് സാദ്ധ്യമായിരുന്നു. എന്നിരുന്നാലും, ഇതിന്റെ സ്വാധീനം മറ്റു ജനാധിപത്യ രാജ്യങ്ങളിലും വളരെ വിശാലമായി അനുഭവപ്പെട്ടു.
നേതൃശേഷിയും പ്രായപരിധിയും
അതിന്റെ ഫലമായി, ഗവൺമെന്റിന്റെ പ്രവർത്തനങ്ങളിൽ യുവാക്കളെ മാത്രം ലക്ഷ്യമിട്ട്, പ്രായം കേന്ദ്രീകരിച്ചുള്ള സംസ്കാരവും ഉയർത്തിക്കാട്ടപ്പെട്ടു. രാഷ്ട്രീയക്കാരന്റെ അടിസ്ഥാന യോഗ്യതകൾക്ക് മുൻഗണന കുറവായിരുന്നു. അത് അവരുടെ പ്രായവുമായി നേരിട്ട് ബന്ധിപ്പിക്കപ്പെട്ടിരുന്നില്ല. ഉദാഹരണത്തിന്, ബ്രിട്ടനും അമേരിക്കയും പോലുള്ള രാജ്യങ്ങളിൽ വളരെ 'താഴ്ന്നതും തികച്ചും പരിഹാസ്യവുമായ പ്രായപരിധി" മറികടന്നാൽ തിരഞ്ഞെടുക്കപ്പെടാൻ സാദ്ധ്യത കുറവായിരുന്നു.
ചില ഉദാഹരണങ്ങൾ നോക്കാം. അമേരിക്കയിൽ ബിൽ ക്ലിന്റൺ തന്റെ രണ്ടാം ഭരണകാലയളവ് 54-ാം വയസിലും, ജോർജ് ഡബ്ല്യു. ബുഷ് 62-ലും, ബരാക് ഒബാമ 55-ലും പൂർത്തിയാക്കി. തീർച്ചയായും കാലാവധി പരിധികൾ മൂന്നാം കാലയളവിനെ തടസപ്പെടുത്തിയിട്ടുണ്ടാകാം. എന്നാൽ പ്രധാന കാര്യം, പ്രധാന എതിരാളിക്ക് പാർട്ടി പ്രാഥമിക മത്സരത്തിൽപ്പോലും വിജയിക്കാൻ കഴിയില്ലായിരുന്നു എന്നതാണ്. സംഭാവന ചെയ്യാൻ ധാരാളം ഉണ്ടായിരുന്നിട്ടും ഒരു തലമുറയിലെ രാഷ്ട്രീയ പ്രതിഭകൾ പാഴായിപ്പോയി; അല്ലെങ്കിൽ, അവരുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു എന്ന് ഇതു സൂചിപ്പിക്കുന്നു. ബ്രിട്ടനിലും സ്ഥിതി വ്യത്യസ്തമല്ല. ടോണി ബ്ലെയർ 54-ാം വയസിൽ വിരമിച്ചു. കാമറൂൺ 10 ഡൗണിങ് സ്ട്രീറ്റ് വിട്ടത് 49-ാം വയസിലാണ്. ഋഷി സുനക് 44-ാം വയസിലും.
ഇതിനകം പരിചയസമ്പന്നരായ നേതാക്കളെ പൊതുജീവിതത്തിൽ കണ്ടെത്താനുള്ള സാദ്ധ്യത പരിമിതമാണ്. നിയമസഭയിലും ഗവൺമെന്റിലും വർഷങ്ങളോളം പ്രവർത്തിച്ചതിലൂടെ ലഭിക്കുന്ന ബുദ്ധിയും പക്വതയും കണക്കിലെടുക്കുമ്പോൾ, യുവാക്കൾക്ക് പ്രാധാന്യമേകുന്ന മാദ്ധ്യമപ്രേരിത സ്വാധീനത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് വിലപ്പെട്ട നേതൃപ്രതിഭ നഷ്ടപ്പെടുന്നത് എങ്ങനെയെന്ന് വ്യക്തമായി കാണാനാകും.
തിരുത്തപ്പെട്ട പ്രായക്കണക്ക്
ക്രമേണ, ബ്രിട്ടനും അമേരിക്കയും ഈ പ്രവണത തിരുത്തി. 1997-നും 2013-നും ഇടയിൽ, ഭരണകാലാവധിയുടെ തുടക്കത്തിൽ അമേരിക്കൻ പ്രസിഡന്റിന്റെ ശരാശരി പ്രായം 52 വയസായിരുന്നു. 2017-നും 2025-നും ഇടയിൽ, അത് 75 വയസായി ഉയർന്നു. 79-ാം വയസ്സിൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു ക്ലിന്റനൊപ്പം പ്രായമുണ്ട്. ഒബാമയേക്കാൾ ഏകദേശം 15 വയസ് കൂടുതലുമാണ്. ബ്രിട്ടനിൽ കെയർ സ്റ്റാർമർ 61-ാം വയസിൽ അധികാരമേറ്റു. പ്രധാനമന്ത്രിയായി ഒരു പതിറ്റാണ്ടു പൂർത്തിയാക്കിയശേഷം ബ്ലെയർ വിരമിച്ച സമയത്തുള്ളതിനേക്കാൾ ഏഴ് വയസ് അധികമാണ് സ്റ്റാർമർക്ക്.
രാഷ്ട്രീയ സമ്പദ്വ്യവസ്ഥ കൂടുതൽ സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായി മാറിയതിനാൽ, വോട്ടർമാർ ഗവൺമെന്റിനെ വ്യത്യസ്ത രീതിയിൽ കാണാൻ തുടങ്ങിയിരിക്കുന്നു എന്നത് വ്യക്തമാണ്. നേതാക്കളിൽ അവർ അന്വേഷിക്കുന്നത് പ്രായത്തെ അടിസ്ഥാനമാക്കിയുള്ള കഴിവുകളല്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യുവത്വം ഇനി പ്രധാന മുൻഗണനയല്ല. പ്രത്യയശാസ്ത്രപരമായ ഉറപ്പുള്ള, കഴിവുറ്റ, വ്യക്തമായ ആശയങ്ങളുള്ള നേതൃത്വം, പ്രായമെന്ന ഘടകത്തേക്കാൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
ഇന്ത്യയിൽ പല പ്രധാനമന്ത്രിമാരും ഈ 'പ്രായപരിധിക്കപ്പുറം" ഫലപ്രദമായി പ്രവർത്തിച്ചിട്ടുണ്ട്. 1991-ലെ സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ രാജ്യത്തെ നയിക്കുമ്പോൾ എഴുപതുകളിലായിരുന്നു, പി.വി. നരസിംഹ റാവു. മോദിയുടെ മുൻഗാമിയായ മൻമോഹൻ സിംഗ് 81 വരെ ഭരണത്തിൽ തുടർന്നു. ഇന്നും, കോൺഗ്രസ് പ്രസിഡന്റായ മല്ലികാർജുൻ ഖർഗെയും എൻ.സി.പിയുടെ ശരദ് പവാറുമൊക്കെ എൺപതുകളിലും രാഷ്ട്രീയത്തിൽ പ്രധാന സ്ഥാനത്ത് തുടരുന്നു.
ബി.ജെ.പിയുടെ ചരിത്രവും ഇക്കാര്യം പ്രതിഫലിപ്പിക്കുന്നു. 2004-ൽ അടൽ ബിഹാരി വാജ്പേയി വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ 79 വയസായിരുന്നു. 84 വരെ പാർലമെന്റിൽ സേവനമനുഷ്ഠിച്ചു. എൺപതുകൾവരെ അദ്വാനി പാർട്ടിയെ പ്രചാരണത്തിലൂടെ മുന്നോട്ടു നയിച്ചു. ഒടുവിൽ 91-ാം വയസിലാണ് പാർലമെന്ററി ജീവിതം അവസാനിപ്പിച്ചത്. 85-ാം വയസുവരെ മുരളി മനോഹർ ജോഷി പ്രധാനപ്പെട്ട പാർലമെന്ററി സമിതികൾക്ക് നേതൃത്വം നൽകി.
മോദി എന്ന പാക്കേജ്!
2014-ലെ മാറ്റം പോലും ബി.ജെ.പിയുടെ പ്രായനിയമത്താലല്ല; മറിച്ച്, മോദിക്ക് അനുകൂലമായ കരുത്തുറ്റ ജനവിധി നന്നായി പ്രതിഫലിപ്പിക്കുന്നതിനായി പാർട്ടിയിൽ നടന്ന തലമുറമാറ്റമായിരുന്നു അത്. പ്രായത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള യാന്ത്രിക സൂത്രവാകം ഒരിക്കലും ഉണ്ടായിരുന്നില്ല. അപ്പോൾ പ്രധാനം പ്രായമല്ല; ശേഷിയും കഴിവുമാണ്. പ്രായാധിക്യമുണ്ടെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നിട്ടും, 2024-ൽ മൂന്നുമാസം നീണ്ടുനിന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഇരുന്നൂറിലധികം പൊതുസമ്മേളനങ്ങളെ മോദി അഭിസംബോധന ചെയ്തു. മിക്ക ദിവസങ്ങളിലും, കൊടുംവേനൽക്കാലത്ത് മൂന്നോ നാലോ പ്രസംഗങ്ങൾക്കുശേഷവും ഗവൺമെന്റിന്റെ യോഗങ്ങൾ, നയ അവലോകനങ്ങൾ, തീരുമാനമെടുക്കൽ എന്നിവയ്ക്കായി അദ്ദേഹം ഡൽഹിയിലേക്കു മടങ്ങുമായിരുന്നു. ചുരുക്കത്തിൽ, അദ്ദേഹം ജോലി ചെയ്യാൻ തയ്യാറായിരുന്നു; ഇപ്പോഴും ജോലി ചെയ്യുന്നു!
തന്റെ തലമുറയിലെ ഏറ്റവും പ്രതിഭാധനനും ബുദ്ധിപരമായ വേഗത നിലനിറുത്തുന്നതുമായ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ മോദിയുടെ ജനപ്രീതിയുടെ താക്കോൽ അദ്ദേഹത്തിന്റെ പ്രശംസനീയവും നിരന്തരവുമായ പരിണാമമാണ്. ഏതു സാഹചര്യത്തിനും അനുയോജ്യനായി മാറാൻ അദ്ദേഹം സ്വയം വീണ്ടും പരിശീലിക്കുന്നു. അദ്ദേഹത്തിന്റെ നയങ്ങൾ, ജനങ്ങളുടെ ആഗ്രഹങ്ങളോടു പുലർത്തുന്ന സ്ഥിരമായ ബന്ധം, വിദേശകാര്യ സമീപനം, സാമ്പത്തിക ചിന്തകൾ എല്ലാം ചേർന്ന്, ഇന്ന് ഇന്ത്യയിലെ ഏറ്റവും കാലാനുസൃതനായ രാഷ്ട്രീയചിന്തകനായി അദ്ദേഹത്തെ നിലനിറുത്തുന്നു.
ചില പ്രത്യേക വിഷയങ്ങളിൽ മറ്റുള്ളവർക്ക് കൂടുതൽ അറിവുണ്ടായിരിക്കാം. പക്ഷേ സമ്പൂർണ പാക്കേജ് എന്ന നിലയിൽ നരേന്ദ്രമോദിക്കു തുല്യനായി മറ്റൊരാളില്ല; അദ്ദേഹത്തിനുശേഷം ജനിച്ചവർ ഉൾപ്പെടെ. ഫിൻടെക് മുതൽ സെമികണ്ടക്ടറുകൾ വരെയും, വളർന്നുവരുന്ന സാങ്കേതികവിദ്യ മുതൽ വ്യാപാര കരാറുകൾ വരെയുമുള്ള വിഷയങ്ങളിൽ ഏറ്റവും കാലാനുസൃതമായി ചിന്തിക്കുന്ന വ്യക്തിയാണ് നമ്മുടെ പ്രധാനമന്ത്രി. അതുകൊണ്ടാണ് ഇന്ത്യക്കാർ അദ്ദേഹത്തിൽ വിശ്വാസം പുലർത്തുന്നത്. അതിനാൽ, രാഷ്ട്രീയജീവിതത്തെയും, മോദിയുടെ സ്ഥിരമായ ജനപ്രീതിയെയും ശരീരത്തിന്റെ പ്രായം മാത്രമനുസരിച്ച് വിലയിരുത്തുന്നത് യുക്തിരഹിതവും യാഥാർത്ഥ്യബോധമില്ലാത്തതുമാകും. പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല വോട്ടർമാരുടെ തെരഞ്ഞെടുപ്പ്- അത് പ്രായനിരപേക്ഷമാണ്.
(ദി ഏഷ്യ ഗ്രൂപ്പ് പങ്കാളിയും ഇന്ത്യാവിഭാഗം അധ്യക്ഷനുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)