
റിയാദ്: സൗദി അറേബ്യ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഷെയ്ഖ് (82) അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യമെന്ന് റോയൽ കോർട്ട് അറിയിച്ചു. സൗദിയുടെ മൂന്നാമത്തെ ഗ്രാൻഡ് മുഫ്തിയായിരുന്നു അദ്ദേഹം. മന്ത്രി പദവിയോടെ സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തി, ഉന്നത പണ്ഡിതസഭയുടെയും ചെയർമാൻ, ഇസ്ലാമിക ഗവേഷണത്തിനും ഫത്വയ്ക്കുള്ള ജനറൽ പ്രസിഡൻസിയുടെ ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഇന്ന് അസർ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ മയ്യത്ത് നമസ്കാരം നടക്കും. മക്കയിലെ ഗ്രാൻഡ് മോസ്കിലും മദീനയിലെ പ്രവാചക പള്ളിയിലും രാജ്യത്തുടനീളമുള്ള പള്ളികളിലും ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഷെയ്ഖിന് വേണ്ടി പ്രാർത്ഥന നിർവഹിക്കാൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഉത്തരവിട്ടു.