swiggy

വീട്ടിൽ ഭക്ഷണം ഉണ്ടാക്കാനും പുറത്തുപോയി കഴിക്കാനുമൊക്കെ മടിയുള്ള നിരവധിപേരുണ്ട്. സ്വിഗ്ഗിയേയും സൊമാറ്റോയേയുമൊക്കെയാണ് അവർ ആശ്രയിക്കുന്നത്. എന്നാൽ പ്ലാറ്റ്‌ഫോം ഫീസും ഡെലിവറി ഫീസെല്ലാം എല്ലാംകൂടെ നല്ലൊരു തുകയും നൽകേണ്ടിവരും. എന്നാൽ ഇതിൽ നിന്ന് രക്ഷപ്പെടാൻ ഒരു യുവതി ചെയ്ത ട്രിക്കാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.


തന്റെ തന്ത്രം ഉയർന്ന പ്ലാറ്റ്‌ഫോം ചാർജുകളിൽ നിന്ന് നിങ്ങളെ രക്ഷിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് യുവതി ട്രിക്ക് പങ്കുവച്ചിരിക്കുന്നത്. സ്വിഗ്ഗി അല്ലെങ്കിൽ സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നതിനുപകരം യുവതി തനിക്ക് ഇഷ്ടപ്പെട്ട റസ്റ്റോറന്റുകളിൽ നേരിട്ട് വിളിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ഓർഡർ വീട്ടിലേക്ക് കൊണ്ടുവരാൻ യുവതി ഊബർ അല്ലെങ്കിൽ റാപ്പിഡോ പോലുള്ള സേവനങ്ങളിലൂടെ പിക്കപ്പ് ബുക്ക് ചെയ്യുന്നു.

ഊബറിനോ റാപ്പിഡോയ്‌ക്കോ ഉള്ള ഡെലിവറി ചാർജുകൾ 50 രൂപയ്ക്കും 100 രൂപയ്ക്കും ഇടയിലാണ്. സ്വിഗ്ഗി അല്ലെങ്കിൽ സൊമാറ്റോ ആപ്പ് കമ്മീഷനുകൾ, പ്ലാറ്റ്‌ഫോം ഫീസ്, ജിഎസ്ടി എന്നിവയേക്കാൾ ഇതിന് ചെലവ് കുറവാണെന്ന് യുവതി അഭിപ്രായപ്പെടുന്നു. ആ കാശ് ലാഭിക്കാൻ കഴിയുമത്രേ.

ലക്ഷക്കണക്കിനാളുകളാണ് യുവതിയുടെ പോസ്റ്റ് കണ്ടത്. കൂടുതലാളുകളും യുവതിയുടെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ടാണ് കമന്റ് ചെയ്തിരിക്കുന്നത്. ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, 'യുവതി പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാണ്. താരതമ്യേനെ സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും 40 മുതൽ 50 ശതമാനം വരെ കൂടുതൽ ചെലവ് വരും. റാപ്പിഡോ പോലുള്ളവ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.'- ഒരാൾ കമന്റ് ചെയ്തു.

ഡെലിവറി ആപ്പുകൾ പൂർണ്ണമായും ഒഴിവാക്കി റസ്റ്റോറന്റുകളിൽ നിന്ന് നേരിട്ട് ഓർഡർ ചെയ്യുക എന്ന മറ്റൊരു ആശയം കൂടി ചിലർ പങ്കുവച്ചു. 'ചില റസ്റ്റോറന്റുകളിൽ ഇപ്പോഴും ഡെലിവറി ചെയ്യാറുണ്ട്. അവർ താരതമ്യേനെ കുറഞ്ഞ ചെലവിൽ ഭക്ഷണം ഡെലിവറി ചെയ്യുന്നു.'- എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

Stopped using Zomato/Swiggy. Now I just call my regular spots, they pack the food & I send Uber/Rapido to pick it up. Even after ₹50–100 delivery cost, it’s still cheaper than ordering on apps (thanks to their markups, platform fee, commissions). Net profitable ✅

— krisha (@stonksqween) September 22, 2025