
കാഠ്മണ്ഡു: നേപ്പാൾ മുൻ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രവി ലക്ഷ്മി ചിത്രാകറിനെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് മാറ്റി. നേപ്പാളിലെ ജെൻ-സി പ്രതിഷേധങ്ങൾക്കിടെ ചിത്രാകറിന് ഗുരുതരമായ പൊള്ളലേറ്റിരുന്നു. കാഠ്മണ്ഡുവിലെ ദല്ലു മേഖലയിലുള്ള ഖനാലിന്റെ വീടിന് പ്രതിഷേധക്കാർ തീയിടുകയായിരുന്നു. കീർത്തിപൂരിലെ ബേൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിലവിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് വിദഗ്ധ ചികിത്സയ്ക്കായി അവരെ ഇന്ത്യയിലേക്ക് മാറ്റിയത്. 2011 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെ ഖനാൽ നേപ്പാളിന്റെ പ്രധാനമന്ത്രിയായിരുന്നു.
പ്രതിഷേധത്തിനിടെ വീടിന് തീയിടുമ്പോൾ രവി ലക്ഷ്മി ചിത്രാകർ വീട്ടിലുണ്ടായിരുന്നു. സംഭവത്തിൽ ചിത്രാകറിന് 15ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ആക്രമണത്തിൽ ഇടതുകൈ പൂർണ്ണമായും തകരുകയും പുക ശ്വസിച്ചതിനെ തുടർന്ന് ശ്വാസകോശത്തെ ബാധിച്ചതിനാൽ അണുബാധയുണ്ടായതായും കുടുംബം പറഞ്ഞു.
കെ പി ശർമ്മ ഒലിയുടെ സർക്കാരിനെ അട്ടിമറിക്കാൻ കാരണമായ ജെൻ-സി പ്രതിഷേധത്തിൽ മൂന്ന് പൊലീസുകാർ ഉൾപ്പെടെ 72 പേരാണ് കൊല്ലപ്പെട്ടത്. നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി സുശീല കാർക്കി സെപ്തംബർ ഒമ്പതിന് നേപ്പാളിൽ നടന്ന നശീകരണ പ്രവർത്തനങ്ങളെ "സംഘടിത ക്രിമിനൽ പ്രവൃത്തികൾ" എന്ന് വിശേഷിപ്പിക്കുകയും അക്രമത്തിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ജെൻ-സി പ്രതിഷേധത്തെക്കുറിച്ച് അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ സമിതിയും കാർക്കി രൂപീകരിച്ചിട്ടുണ്ട്.
ഒലി സർക്കാർ സോഷ്യൽ മീഡിയ സൈറ്റുകൾ നിരോധിച്ചതിനെതിരെയാണ് പ്രതിഷേധങ്ങൾക്ക് ആരംഭം കുറിച്ചത്. എന്നാൽ സോഷ്യൽ മീഡിയ നിരോധനം പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തിനുശേഷവും സംഘർഷം തുടർന്നു. പാർലമെന്റ്, പ്രസിഡന്റിന്റെ ഓഫീസ്, പ്രധാനമന്ത്രിയുടെ വസതി, സർക്കാർ കെട്ടിടങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ, മുതിർന്ന നേതാക്കളുടെ വീടുകൾ എന്നിവയുൾപ്പെടെ നിരവധി കെട്ടിടങ്ങൾ പ്രതിഷേധക്കാർ നശിപ്പിക്കുകയും തീയിടുകയും ചെയ്തു.