k-j-yesudas

ചെന്നൈ: കലാ, സാഹിത്യ രംഗത്തെ പ്രതിഭകൾക്ക് നൽകുന്ന തമിഴ്‌നാട് സ‌ർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ കലൈമാമണി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021, 2022, 2023 കാലയളവിലെ പുരസ്‌‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരത്തിന് ഗായകൻ കെ ജെ യേശുദാസ് അർഹനായി. സംഗീത മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും മൂന്ന് പവന്റെ സ്വർണമെഡലും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അടുത്തമാസം ചെന്നൈയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

2021ലെ കലൈമാമണി പുരസ്‌കാരത്തിന് നടി സായ് പല്ലവി, നടൻ എസ് ‌ജെ സൂര്യ, സംവിധായകൻ ലിംഗുസ്വാമി, ആക്ഷൻ കൊറിയോഗ്രാഫർ സൂപ്പർ സുബ്ബരായൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. നടൻ വിക്രം പ്രഭു, വി സി ഗുഹനാഥൻ, ഗാനരചയിതാവ് വിവേക, പിആർഒ ഡയമണ്ട് ബാബു എന്നിവർ 2022ലെ കലൈമാമണി പുരസ്‌കാരത്തിന് അർഹരായി.

2023ലെ കലൈമാമണി പുരസ്‌കാരത്തിന് ഗായിക ശ്വേതാ മോഹൻ, നടന്മാരായ മണികണ്ഠൻ, ജോർജ് മാരിയൻ, ഛായാഗ്രാഹകൻ സന്തോഷ് കുമാർ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, കൊറിയോഗ്രാഫറും നടനുമായ സാൻഡി മാസ്റ്റർ, പിആർഒ നിഖിൽ മുരുകൻ എന്നിവർ അർഹരായി. സിനിമ, സംഗീതം, നാടകം, നൃത്തം, ഗ്രാമീണകലകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആകെ 90 പേരെയാണ് പുരസ്‌കാരം നൽകി ആദരിക്കുന്നത്.