
റിയാദ്: ഇന്ത്യൻ വീടുകളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് അഗർബത്തികൾ. പ്രാർത്ഥനയ്ക്കും പൂജയ്ക്കും ചടങ്ങിനും വീട്ടിൽ ദൈവീക അന്തരീക്ഷം നിലനിർത്തുന്നതിനുമെല്ലാം അഗർബത്തികൾ കത്തിച്ചുവയ്ക്കാറുണ്ട്. അഗർബത്തിയുടെ സുഗന്ധം എല്ലാവർക്കും ഇഷ്ടമാണെങ്കിലും ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഡെറാഡൂണിൽ നിന്നുള്ള പൾമോണോളജിസ്റ്റ് സോണിയ ഗോയൽ ഇതുസംബന്ധിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ശ്രദ്ധനേടുകയാണ്.
അഗർബത്തികൾ പുറത്തുവിടുന്ന പുക കാലക്രമേണ ശ്വാസകോശത്തെ തകരാറിലാക്കുമെന്നാണ് വീഡിയോയിൽ ഡോക്ടർ ഗോയൽ പറയുന്നത്. ഇത് നിഷ്ക്രിയമായ പുകവലിയോളം (പാസീവ് സ്മോക്കിംഗ്) ഹാനികരമാണ്. മാത്രമല്ല, ശ്വാസകോശത്തിന് 'സ്ളോ പോയിസൺ' പോലെ പ്രവർത്തിക്കുമെന്നും ഡോക്ടർ വ്യക്തമാക്കി.
'അഗർബത്തികൾ സൂക്ഷ്മകണിക പദാർത്ഥങ്ങൾ, കാർബൺ മോണോക്സൈഡ്, വൊളാറ്റൈൽ ഓർഗാനിക് കോമ്പൗണ്ട് എന്നിവ പുറപ്പെടുവിക്കും. ഇത് വീടിനുള്ളിലെ വായുവിനെ മലിനമാക്കുകയും അടച്ചിട്ട മുറിക്കുള്ളിൽ ഇരിക്കുന്നത് അപകടകരമാക്കുകയും ചെയ്യും. ഒരു സിഗരറ്റിൽ നിന്ന് വമിക്കുന്ന വിഷപ്പുകയോളം ഹാനികരമാണ് ഒരു അഗർബത്തിയിൽ നിന്നുള്ള പുക. കുട്ടികൾ, പ്രായമായവർ, ആസ്ത്മ രോഗബാധിതർ തുടങ്ങിയവർക്ക് ഇത് വളരെ ദോഷംചെയ്യും. വല്ലപ്പോഴും മാത്രം അഗർബത്തിയിലെ പുക ശ്വസിക്കുന്നത് പോലും അലർജിക്കും തുടർച്ചയായുള്ള ചുമയ്ക്കും ശ്വാസതടസത്തിനും ഇടയാക്കും. പതിവായി ഇത് ശ്വസിക്കുന്നത് ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങി കാൻസറിനുവരെ കാരണമാകും'- ഡോക്ടർ വ്യക്തമാക്കി. എന്നാൽ വാതിലുകളും ജനലുകളും തുറന്നിട്ട് കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കിയതിനുശേഷം വല്ലപ്പോഴും അഗർബത്തികൾ കത്തിക്കുന്നത് ഹാനികരമായേക്കില്ലെന്നും ഡോക്ടർ പറഞ്ഞു.