anurag-anil-borkar

മുംബയ്: ഡോക്ടറാകാൻ ആഗ്രഹമില്ലെന്നറിയിച്ച് പത്തൊമ്പതുകാരൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ സ്വദേശിയായ അനുരാഗ് അനിൽ ബോർക്കറാണ് മരിച്ചത്. വീടിനുളളിൽ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മുറിയിൽ നിന്ന് അനുരാഗിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഡോക്ടറാകാൻ ആഗ്രഹമില്ലെന്നാണ് കുറിപ്പിലുളളത്. എനിക്ക് എംബിബിഎസ് ചെയ്യാൻ താൽപര്യമില്ല, ഒരു വ്യവസായിക്ക് ഡോക്ടറേക്കാളും സമ്പാദിക്കാം. അഞ്ച് വർഷം പഠിക്കണം. എംഡിയെടുക്കണം. ഇതിനൊന്നിനും താൽപര്യമില്ലെന്നാണ് കുട്ടിയുടെ കുറിപ്പിലുളളത്.


നീ​റ്റ് പരീക്ഷയിൽ 99.99 പെർസെന്റൈൽ മാർക്കോടുകൂടിയാണ് അനുരാഗ് വിജയിച്ചത്. ഒബിസി വിഭാഗത്തിൽ 1475-ാമത് റാങ്കായിരുന്നു. ഗോരഖ്‌പൂരിലെ ഓൾ ഇന്ത്യ ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ (എയിംസിൽ) പ്രവേശനം നേടിയിരുന്നു. ഇതിനിടയിലാണ് കുട്ടിയെ പുലർച്ചെ നാലുമണിയോടെ മുറിയിലെ സീലിംഗിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പൊലീസ് പൂ‌ർണമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ നവാർഗാവ് പൊലീസ് അന്വേഷണം തുടരുകയാണ്.

അനുരാഗ് രണ്ടുതവണ നീ​റ്റ് പരീക്ഷ എഴുതിയിരുന്നു. ആദ്യശ്രമത്തിൽത്തന്നെ എംബിബിഎസിന് പ്രവേശനവും നേടിയിരുന്നു. എന്നാൽ മികച്ച കോളേജിൽ പോകുന്നതിനായി രണ്ടാമതും പരീക്ഷ എഴുതുകയായിരുന്നു. അങ്ങനെയാണ് എയിംസിൽ പ്രവേശനം നേടിയത്.