mala-parvathy

സിനിമാമേഖലയിലെ പല പ്രശ്നങ്ങളിലും തന്റേതായ നിലപാടിലുറച്ചുനിൽക്കുന്ന നടിയാണ് മാലാ പാർവതി. അമ്മവേഷങ്ങളിലൂടെയാണ് നടി കൂടുതലും സുപരിചിതയായത്. അഭിനയരംഗത്തേക്ക് കടന്നുവരുന്നതിന് മുൻപ് മാലാ പാർവതി അവതാരകയായും പ്രവർത്തിച്ചിരുന്നു. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തിൽ ഉണ്ടായ ചില കാര്യങ്ങളെക്കുറിച്ചും സിനിമയിലുണ്ടായ മറക്കാൻ കഴിയാത്ത അനുഭവങ്ങളെക്കുറിച്ചും മാലാ പാർവതി തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു പ്രമുഖ ചാനലിലെ ജോലിയിൽ നിന്ന് രാജിവച്ചതിനെക്കുറിച്ചും അവർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.

'മമ്മൂട്ടിയോട് പിണങ്ങിയാണ് ഞാൻ ആ ചാനലിൽ നിന്ന് ജോലി ഉപേക്ഷിച്ചുപോയത്. അദ്ദേഹത്തിന് ഇപ്പോഴും എന്റടുത്ത് വലിയ കാര്യമാണ്. ആ ചാനലിൽ ഞാൻ ചെയ്ത പരിപാടിയുടെ റേ​റ്റിംഗ് താഴോട്ടുപോയിരുന്നു. മാർക്ക​റ്റിംഗിനുവേണ്ടി കുറേ അതിഥികളെ കൊണ്ടുവരണമെന്ന് എന്നോട് ചാനലിലുളളവർ പറഞ്ഞു. ഞാൻ ഇക്കാര്യം മമ്മൂക്കയെ വിളിച്ചുപറഞ്ഞു. ഞാൻ പറഞ്ഞത് എന്താണെന്ന് അദ്ദേഹത്തിന് മനസിലായില്ല. അങ്ങനെ രണ്ടുപേരും ദേഷ്യപ്പെട്ടാണ് സംസാരിച്ചത്. ഞാൻ ജോലിയിൽ നിന്ന് രാജിവച്ചു. അതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോടും വഴക്കിട്ടു. ഞാൻ നന്നായി അഭിനയിക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞതും മമ്മൂക്കയായിരുന്നു. പലകാര്യങ്ങളിലും എന്നെ അദ്ദേഹം പിന്തുണച്ചിട്ടുണ്ട്. ഞാൻ ഇപ്പോഴും ബഹുമാനിക്കുന്ന ഒരു നടനാണ് മമ്മൂക്ക'- മാലാ പാ‌ർവതി പറഞ്ഞു.

നടൻ മോഹൻലാലിനെക്കുറിച്ചും മാലാ പാർവതി ചില കാര്യങ്ങൾ സംസാരിച്ചു. ' അഞ്ച് പരിപാടികളിൽ മോഹൻലാലിന്റെ അഭിമുഖം എടുക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ അമ്മയോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ ഞങ്ങളെ ക്ഷണിച്ചിട്ടുണ്ട്. ഞാൻ കണ്ടിട്ടുളളതിൽ വച്ച് രസകരമായ ഒരു വ്യക്തിത്വമുളളയാളാണ് അദ്ദേഹത്തിന്റെ അമ്മ. അവർ സംസാരിക്കുന്നത് കാണാൻ നല്ല രസമാണ്'- അവർ കൂട്ടിച്ചേർത്തു.

നടൻ സുരാജ് വെഞ്ഞാറമൂടിനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും മാലാ പാർവതി അഭിമുഖത്തിൽ പറഞ്ഞു. 'സിനിമയിൽ സുരാജ് വെഞ്ഞാറമൂടിന്റെ കാമുകിയായും അമ്മയായും ഭാര്യയായും അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ ഓരോ സെ​റ്റിൽ എത്തുമ്പോഴും ജോലി സംബന്ധമായ കാര്യങ്ങൾ മാത്രമേ സംസാരിക്കാറുളളൂ. അഭിനയത്തെ ഗൗരവത്തോടെ കാണുന്ന നടനാണ് അദ്ദേഹം'-മാലാ പാർവതി വ്യക്തമാക്കി.