
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് തീവ്രവാദികൾക്ക് സഹായം ചെയ്‌ത കാശ്‌മീർ സ്വദേശി പിടിയിൽ. മുഹമ്മദ് കത്താരിയ എന്നയാളാണ് അറസ്റ്റിലായത്. ജൂലായിൽ നടന്ന ഓപ്പറേഷൻ മഹാദേവിലൂടെ കണ്ടെടുത്ത ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഫോറൻസിക് പരിശോധനയ്‌ക്ക് ശേഷമാണ് മുഹമ്മദ് കട്ടാരിയയെ അറസ്റ്റ് ചെയ്തത്. ഭീകരർക്ക് ഇയാൾ സാധനങ്ങൾ എത്തിച്ചു നൽകിയെന്നാണ് റിപ്പോർട്ട്. കട്ടാരിയയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.
2025 ജൂലായിലെ ഭീകരാക്രമണങ്ങൾക്ക് ശേഷം ശ്രീനഗറിന് സമീപം 3 ലഷ്കർ-ഇ-തൊയ്ബ ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ച സംയുക്ത ദൗത്യമാണ് ഓപ്പറേഷൻ മഹാദേവ്. ശ്രീനഗറിലെ ഹർവാനിനടുത്ത് ലിഡ്വാസിൽ ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്‌സും, സിആർപിഎഫും, ജമ്മു കാശ്മീർ പൊലീസും ചേർന്ന് മൂന്ന് പാകിസ്ഥാൻ ഭീകരരെ വധിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികൾ ശ്രീനഗറിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ഡാച്ചിഗാം ദേശീയോദ്യാനത്തിലെയും സമീപത്തുള്ള ദാര പ്രദേശത്തെയും ഇടതൂർന്ന വനത്തിലേക്ക് നീങ്ങിയതായി സേനയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്.
2025 ഏപ്രിൽ 22 ന് ' പഹൽഗാമിലെ "ബൈസരൻ മെഡോസിൽ" നടന്ന ഭീകരാക്രമണത്തിലാണ് മലയാളി ഉൾപ്പെടെ 26 സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത്. യുഎപിഎ പ്രകാരം പട്ടികപ്പെടുത്തിയിട്ടുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രോക്സി സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ടD ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പകരം ചോദിച്ചു. പാകിസ്താനിലും പാക് അധീന കാശ്മീരിലുമായി പ്രവർത്തിച്ചിരുന്ന ഒൻപതു ഭീകര ക്യാമ്പുകളാണ് ഇന്ത്യൻ സൈന്യം തകർത്തത്. മേയ് 7 നു പുലർച്ചെ 1:05 ന് ആരംഭിച്ച ആക്രമണം 1:30 ന് പൂർത്തിയായി. സൈന്യം ലഷ്കർ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ ഭീകരസംഘടനകളുടെ കേന്ദ്രങ്ങൾ മിസൈൽ ആക്രമണത്തിലൂടെ തകർത്തു.