bacteria

വാഷിംഗ്‌ടൺ: മരുന്നുകളെ പ്രതിരോധിക്കുന്ന അപകടകാരിയായ ബാക്‌ടീരിയയുടെ സാന്നിദ്ധ്യം അമേരിക്കയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ശാസ്ത്രജ്ഞരുടെ പുതിയ റിപ്പോർട്ട് പ്രകാരം മരുന്നുകളെ പ്രതിരോധിക്കുന്ന 'നൈറ്റ്‌മേർ ബാക്ടീരിയ' മൂലമുണ്ടാകുന്ന അണുബാധ കേസുകൾ 2019 മുതൽ 2023 വരെ ഏകദേശം 70% വർദ്ധിച്ചുവെന്ന് 'അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിൻ' എന്ന ശാസ്‌ത്ര പ്രസിദ്ധീകരണത്തിൽ പറയുന്നു. നിലവിൽ അണുബാധയെ പ്രതിരോധിക്കാൻ രണ്ടു ആന്റിബയോട്ടിക്കുകൾക്ക് മാത്രമേ കഴിയുന്നുള്ളൂ ഇവയാകട്ടെ വിലയേറിയതും ഐ.വി വഴി നൽകേണ്ടതുമാണ്.

എന്താണ് നൈറ്റ് മേർ ബാക്ടീരിയ?

'കാർബപ്പെനം റെസിസ്ടന്റ് എൻട്രോബാക്ടീരിയസി' എന്നറിയപ്പെടുന്ന ബാക്ടീരിയ ഗ്രൂപ്പിനെയാണ് നൈറ്റ് മേർ ബാക്ടീരിയ എന്ന് വിളിക്കുന്നത്. ഇതിൽ എഷ്‌റിച്ചിയ കോളി, ക്ലെബ്സിയല്ല ന്യൂമോണിയ എന്നീ രോഗകാരികൾ അടങ്ങിയിട്ടുണ്ട്. സി.എൻ.ബി.സി ടി.വി 18ലെ റിപ്പോർട്ട് അനുസരിച്ച് യു.എസിൽ അടുത്തിടെയുണ്ടായ അണുബാധകളുടെ വർദ്ധനവിന് കാരണം എൻ.ഡി.എം. ജീൻ (ന്യൂഡൽഹി മെറ്റല്ലോ ലാക്ടോമേസ്) ബാക്ടീരിയയാണ്. ഇത് ഒന്നിലധികം ആന്റിബയോട്ടിക് മരുന്നുകളുടെ ഫലങ്ങൾ നിർവീര്യമാക്കുന്നതിന് കാരണമാകും.

അപകടകാരിയായ ഈ ബാക്‌ടീരിയ ശരീരത്തിൽ കടന്നാൽ പനി, മൂത്രമൊഴിക്കാനുള്ള ഇടയ്ക്കിടെയുള്ള പ്രേരണ, മൂത്രമൊഴിക്കുമ്പോഴുള്ള വേദന, ചുമ, ശ്വാസതടസ്സം പോലുള്ള പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാകും. എന്നാൽ ഇത് മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്‌ടീരിയയാൽ തന്നെയാണെന്ന് ഉറപ്പിക്കാൻ ലബോറട്ടറി പരിശോധനകൾ അത്യാവശ്യമാണ്. രോഗലക്ഷണം സ്ഥിരീകരിക്കുന്നതിൽ കാലതാമസമുണ്ടാകുന്നത് ഫലപ്രദമായ ചികിത്സയെ കൂടുതൽ ദുഷ്‌കരമാക്കും.