s

ന്യൂഡൽഹി : പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മ്അദ്നി പ്രതിയായ ബംഗളുരു സ്ഫോടനക്കേസിൽ നാലുമാസത്തിനകം വിധി പറയണമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് വിചാരണ നടക്കുന്ന ബംഗളുരുവിലെ പ്രത്യേക കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി. കേസിലെ 28-ാം പ്രതിയായ താജുദ്ദീൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി. കേസിൽ 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് കാട്ടിയാണ് താജുദ്ദിീൻ സുപ്രിംകോടതിയെ സമീപച്ചത്. താജുദ്ദീനായി അഭിഭാഷകൻ ഡോ.,​ അലക്സ് ജോസഫ് ഹാജരായി.

കേസിൽ മ്അദനി ഉൾപ്പെടെയുള്ളവർക്കെതിരായ പുതിയ തെളിവുകൾ പരിഗണിക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്ന കർണാടക സർക്കാരിന്റെ ആവശ്യം നേരത്തെ കർണാടത ഹൈക്കോടതി തള്ളിയിരുന്നു. ഫോൺ വിളിയുടെ വിവരങ്ങൾ ഉൾപ്പെടെയുള്ളവ പരിഗണിക്കാൻ നിർദ്ദേശിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് വിചാരണക്കോടതിയിൽ ആരംഭിക്കാനിരിക്കുന്ന അന്തിമവാദം കേൾക്കൽ സുപ്രീംകോടതി സ്റ്റേ ചെയ്ത് പ്രതികൾക്ക് നോട്ടീസ് അയച്ചിരുന്നു.

വിചാരണ പൂർത്തിയായ കേസിൽ പുതിയ തെളിവുകൾ ഇനി പരിഗണിക്കാൻ കഴിയില്ലെന്നാണ് മ്അദനി ഉൾപ്പെടെയുള്ളവർ വാദിച്ചിരുന്നത്. പുതിയ തെളിവുകൾ ഇനി പരിഗണിക്കാൻ അനുവദിച്ചാൽ വിചാരണ അനന്തമായി നീളുന്നതിന് കാരണമാകുമെന്നും പ്രതിഭാഗത്തിന്റെ അഭിഭാഷകർ വാദിച്ചിരുന്നു.

500ലേറെ സാക്ഷികളുള്ള സ്‌ഫോടനക്കേസിൽ മരിച്ചവരും കണ്ടെത്താൻ കഴിയാത്തവരുമായ 100 ഓളം സാക്ഷികളെ വിചാരണ നടപടിക്രമത്തിൽ നിന്ന് കോടതി നേരത്തെ ഒഴിവാക്കിയിരുന്നു.