mental-health

തിരുവനന്തപുരം: സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിലുള്ള 'മാനസ ഗ്രാമം' മാതൃക ഗ്രാമപദ്ധതിയുടെ പ്രഖ്യാപനം ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഇടത്തരം ഗ്രാമങ്ങളിലേക്ക് വിദ്യാർത്ഥി സന്നദ്ധസേവകർ നേരിട്ട് ഇറങ്ങിച്ചെല്ലുമെന്നും, സമൂഹത്തിൽ മാനസികാരോഗ്യ ബോധവത്കരണവും ശാക്തീകരണവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. നാഷണൽ സർവീസ് സ്‌കീം ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്രി ഡോ. ബിന്ദു എൻഎസ്എസിന്റെ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.

വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ നാഷണൽ സർവീസ് സ്‌കീമിന്റെ പ്രവർത്തനം മികവോടെയും ഊർജസ്വലമായും നടന്നുവരുന്നുണ്ടെന്നും ഗ്രാമങ്ങളിലേക്ക് കൂടുതൽ അടുക്കുന്ന വിധത്തിലുള്ള പ്രവർത്തന മേഖലകൾ വ്യാപിപ്പിക്കുകയാണ് മനസാഗ്രാമം വഴിയെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. നാഷണൽ സർവീസ് സ്‌കീമിന്റെ 'കർത്തവ്യവാര' ചടങ്ങും 'പക്ഷിവനം പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.

പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കപ്പെടേണ്ട അവബോധത്തോടെയാവണം പൊതുസമൂഹത്തിനുള്ള സേവനം പ്രാധാന്യത്തോടെ ആസൂത്രണം ചെയ്യേണ്ടതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഈ ഊന്നലോടെയാവും 'പക്ഷി വനം'പോലുള്ള പ്രകൃതി സൗഹൃദ പദ്ധതികൾക്ക് കൂടുതൽ ഊന്നൽ നൽകേണ്ടതെന്നും മന്ത്രി പറഞ്ഞു. ജയരാജ് ഫൗണ്ടേഷനുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് 'പക്ഷിവനം'.
വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം വളർത്തുന്നതിനും, അവരെ പ്രകൃതിയോടും ജൈവവൈവിധ്യത്തോടും കൂടുതൽ അടുത്തുകൊണ്ടുവരുന്നതിനുമാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

സെപ്‌തംബർ 24 മുതൽ ഒക്ടോബർ രണ്ടു വരെയുള്ള ആഴ്ചയാണ് 'കർത്തവ്യവാര'മായി ആചരിക്കുക. ഈ കാലയളവിൽ സംസ്ഥാനത്തെ എല്ലാ എൻ എസ് എസ് യൂണിറ്റുകളും സ്വന്തം പങ്കാളിത്ത ഗ്രാമങ്ങളിലും ക്യാമ്പസുകളിലും വിവിധ സേവനപദ്ധതികളും സാമൂഹ്യ പ്രവർത്തനങ്ങളും ഒരുക്കും.

സംസ്ഥാനത്തെ എല്ലാ നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളും അവരവരുടെ പങ്കാളിത്ത ഗ്രാമങ്ങളെ തിരഞ്ഞെടുത്ത് ഗ്രാമീണജനതയുടെ സാമൂഹിക ഉണർവ്, ആരോഗ്യ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, സാക്ഷരത, സ്വയംതൊഴിൽ തുടങ്ങിയ മേഖലകളിൽ ഊന്നലോടെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ്. 'മാനസ ഗ്രാമം' പദ്ധതിയിലൂടെ സർവേ, ബോധവൽക്കരണ ക്യാമ്പയിനുകൾ, കുടുംബ സന്ദർശനങ്ങൾ, ജൈവകൃഷി, പരിശീലനങ്ങൾ, ജലസേചന സംവിധാനങ്ങൾ, വീടുകളുടെ നവീകരണം തുടങ്ങി ഒട്ടേറെ സമൂഹവികസന പ്രവർത്തനങ്ങൾ ഏകോപിതമായി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

ജയരാജ് ഫൗണ്ടേഷൻ സ്ഥാപകനും പ്രശസ്ത സിനിമ സംവിധായകനും ആയിട്ടുള്ള ആർ ജയരാജ്, എൻ എസ് എസ് റീജിയണൽ ഡയറക്ടർ വൈ എം ഉപ്പിൻ, എൻ എസ് എസ് സംസ്ഥാന ഓഫീസർ ഡോ ദേവിപ്രിയ ഡി, പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ.അരുൺ എം,ജയൻ പി വിജയൻ, മനു രാജേന്ദ്രൻ, ഡോ. സോമശേഖരൻ , ഡോ. എൻ എ ശിഹാബ് എന്നിവർ സംസാരിച്ചു.