cinema

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത വെബ് സീരീസ് ഹിറ്റായി മാറിയിരിക്കുകയാണ്. പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ് 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്'. ഒരാഴ്ച മുമ്പ് മാത്രം റിലീസ് ആയ സീരീസിന് വിവിധ കോണുകളില്‍ നിന്ന് മികച്ച അഭിപ്രായം ഉയരുന്നുണ്ട്. ആര്യന്റെ സംവിധാനത്തിലുള്ള സീരീസ് നിര്‍മിച്ചിരിക്കുന്നത് അമ്മ ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്‍ടെര്‍ടെയ്ന്‍മെന്റ്‌സ് ആണ്.

ബോളിവുഡ് സിനിമാ രംഗത്തെക്കുറിച്ചുള്ള ആക്ഷേപഹാസ്യ സ്വഭാവമുള്ള സൃഷ്ടിയാണ് 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്'. ഇപ്പോഴിതാ സീരീസില്‍ ബോളീവുഡിലെ ടാലന്റ് മാനേജറുടെ വേശം കൈകാര്യം ചെയ്ത നടി അന്യാ സിംഗ് നടത്തിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്. സീരീസിനെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങള്‍ സന്തോഷം നല്‍കുന്നുവെന്ന് പറഞ്ഞ നടി സീരീസ് എല്‍ജിബിടിക്യു സമൂഹത്തെക്കുറിച്ചും സ്വവര്‍ഗാനുരാഗത്തെക്കുറിച്ചും വളരെ മനോഹരമായിട്ടാണ് ആര്യന്‍ സീരീസ് ചിത്രീകരിച്ചിരിക്കുന്നതെന്ന് നടി പറഞ്ഞു.

'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്' സീരിസിലെ ഒരു ചുംബന രംഗത്തെക്കുറിച്ചുള്ള നടിയുടെ വാക്കുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. സീരീസില്‍ അത്തരത്തില്‍ ഒരു ചുംബന രംഗത്തിന്റെ ആവശ്യമുണ്ടോ എന്ന് ആര്യനോട് നിരവധി തവണ ചോദിച്ചിരുന്നു. സീരീസിലെ രണ്ട് സ്ത്രീകള്‍ ചുംബിക്കുന്ന രംഗത്തെ കുറിച്ചാണ് അന്‍യ പറഞ്ഞത്.

'എനിക്ക് വളരെയേറെ പരിഭ്രാന്തി തോന്നിയിരുന്നു. ഈ രംഗം ചെയ്യില്ല എന്ന നിലപാട് ഞാനെടുക്കില്ല. ഏതുതരത്തിലുള്ള 'ഇന്റിമേറ്റ്' രംഗവും അഭിനേതാക്കളെ ഞെരുക്കുന്നതാണ്. ഓരോതവണ നിങ്ങളത് ചെയ്യുമ്പോഴും നിങ്ങള്‍ പരിഭ്രാന്തരാകും. നിങ്ങള്‍ക്കൊപ്പം ആ രംഗത്തില്‍ അഭിനയിക്കുന്നയാളും അതുപോലെ പരിഭ്രാന്തരാകും.' -അന്‍യ പറഞ്ഞു. ഈ രംഗത്തില്‍ ഒപ്പമുണ്ടായിരുന്നത് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്നുവെന്നും ഭയം കാരണം വിറയ്ക്കുകയായിരുന്ന അവളെ ആശ്വസിപ്പിച്ചപ്പോള്‍ തന്റെ ഭയം മാറുകയാണ് ചെയ്തതെന്നും അന്യ പറയുന്നു.