crime

വൈക്കം: റോഡിലെ കുഴിയില്‍ ചാടി മുന്നോട്ടു പോയ കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ഭാഗം പൊലീസ് ജീപ്പിന്റെ കണ്ണാടിയില്‍ ഉരസിയതില്‍ പ്രകോപിതനായ അഡീഷണല്‍ എസ്.ഐ ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ.പി.വേലായുധനെ (48) വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.40 ഓടെ തലയാഴം കൃഷിഭവന് മുന്നിലായിരുന്നു സംഭവം.

മൂന്നാറില്‍ നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്നു ബസ്. റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തലയാഴം മണ്ഡലം കമ്മി?റ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം നടക്കുന്നതിനാല്‍ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് ബസ് നിറുത്തി. പിന്നാലെ പിടിച്ചിറക്കി കരണത്തടിച്ച ശേഷം പൊലീസ് വാഹനത്തിന്റെ പിന്നിലെത്തിച്ചും മര്‍ദ്ദിച്ചെന്ന് വേലായുധന്‍ ആരോപിച്ചു. ബസില്‍ 29 യാത്രക്കാര്‍ ഉണ്ടായിരുന്നു.

21 പേരും വടക്കേയിന്ത്യയില്‍ നിന്നുള്ളവരായിരുന്നു. പിന്നാലെ വന്ന മ?റ്റൊരു ബസില്‍ ഇവരെ കയറ്റിവിട്ടു. യാത്രക്കാരനായിരുന്ന ചേര്‍ത്തല സ്വദേശി തണ്ണീര്‍മുക്കം പുത്തനങ്ങാടിയിലെ വീട്ടില്‍ നിന്ന് കാര്‍ വരുത്തിയാണ് കണ്ടക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ വേലായുധനെ ആശുപത്രിയില്‍ എത്തിച്ചത്. കണ്ണിനാണ് പരിക്ക്. വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയലേക്ക് റഫര്‍ ചെയ്തു. ബസ് ജീവനക്കാര്‍ വൈക്കം എ.ടി.ഒയ്ക്ക് പരാതി നല്‍കി.