reliance

തമിഴ്‌നാട്ടിൽ വമ്പൻ പദ്ധതിയുമായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധസ്ഥാപനമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രാെഡക്ട്സ് ലിമിറ്റഡ് വഴിയാണ് 1,156 കോടിയുടെ പദ്ധതി തമിഴ്‌നാട്ടിൽ ആരംഭിക്കുന്നത്. ഏഷ്യയിലെ ഏറ്റവുംവലിയ ഫുഡ് പാർക്കാവും ഇതെന്നാണ് കരുതുന്നത്. പദ്ധതി കേരളത്തിലെ യുവതീ യുവാക്കൾക്കുൾപ്പെടെ വൻ തൊഴിലവസരമാണ് തുറന്നിടുക.

ഇപ്പോഴത്തെ 1,156 കോടി പ്രാരംഭ നിക്ഷേപം മാത്രമാണെന്നാണ് റിപ്പോർട്ട്. ഒരു വൻ നിർമാണ യൂണിറ്റാവും തമിഴ്‌നാട്ടിൽ വരിക എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. അറുപതോളം ഏക്കറിൽ വ്യാപിക്കുന്ന യൂണിറ്റിൽ ലഘുഭക്ഷണങ്ങൾ, ബിസ്കറ്റുകൾ, മാവുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണകൾ എന്നിവയാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. ഏറ്റവും കുറഞ്ഞത് 2,000 തൊഴിൽ അവസരങ്ങളെങ്കിലും ഉണ്ടാവുമെന്ന് കരുതുന്നു എന്നാണ് സംസ്ഥാന വ്യവസായ മന്ത്രി ടിആർബി രാജ പറയുന്നത്. നേരിട്ടുള്ള തൊഴിൽ അവസരങ്ങൾക്കൊപ്പം ആയിരക്കണക്കിന് പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

തൂത്തൂക്കുടിയിലെ തമിഴ്‌നാട് സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷന്റെ അല്ലിക്കുളം ഇൻഡസ്ട്രിയൽ പാർക്കിലാവും പദ്ധതിയുടെ പ്ലാന്റുകൾ പ്രവർത്തിക്കുക. തുടക്കത്തിൽ 1,156 കോടിയാണ് നിക്ഷേപിക്കുന്നതെങ്കിലും പദ്ധതിക്കായി 40,000 കോടിയുടെ നിക്ഷേപമാണ് മുകേഷ് അംബാനി ലക്ഷ്യംവയ്ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പദ്ധതി ആരംഭിച്ച് അഞ്ചുവർഷത്തിനുള്ളിൽ ഒരുലക്ഷം കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലെ വാർഷിക പൊതുയോഗത്തിലാണ് പദ്ധതി ആരംഭിക്കുന്നവിവരം മുകേഷ് അംബാനി പ്രഖ്യാപിച്ചത്.