
കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏറെ കൗതുകത്തോടെ കാണുന്ന ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമിയ്ക്ക് പുറത്ത് മനുഷ്യന്റെ പാദസ്‌പർശമേറ്റ ഏക ആകാശഗോളവും ഇതുതന്നെയാണ്. അതിനാൽ തന്നെ ഇന്നും ചന്ദ്രനിൽ ഗവേഷണങ്ങൾ നടത്തുന്നവർ നിരവധിയാണ്. ചന്ദ്രനിലെ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ പുറത്തുകൊണ്ടുവരാനാണ് ഇത്തരം പഠനങ്ങൾ നടത്തുന്നത്. ഇപ്പോഴിതാ ചന്ദ്രനുമായി ബന്ധപ്പെട്ട ഗവേഷകരുടെ പുതിയ പഠനമാണ് ശാസ്ത്രലോകത്തെ പ്രധാന ചർച്ച വിഷയം.
ചന്ദ്രന്റെ ഉപരിതലത്തിൽ പ്രത്യേകിച്ച് അതിന്റെ ധ്രുവങ്ങളിൽ ഇരുമ്പ് ഓക്സെെഡിന്റെ ഒരു രൂപമായ ഹെമറ്റെെറ്റ് അഥാവാ ഇരുമ്പിന്റെ തുരുമ്പ് രൂപപ്പെടുന്നതായി ഗവേഷകർ കണ്ടെത്തി. ചന്ദ്രനിലെ ഈ പ്രതിഭാസത്തിന് ഭൂമി നേരിട്ട് പങ്കുവഹിച്ചിട്ടുണ്ടെന്നാണ് ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച നേച്ചർ റിപ്പോർട്ടിൽ പറയുന്നത്. അത് എങ്ങനെയെന്ന് നോക്കാം.

ചന്ദ്രനിലെ തുരുമ്പ്
സാധാരണയായി ഇരുമ്പ് തുരുമ്പെടുക്കാൻ ഓക്സിജനും വെള്ളവും ആവശ്യമാണ്. എന്നാൽ ഈ രണ്ട് വിഭവങ്ങളും ചന്ദ്രനിലില്ല. പിന്നെ എങ്ങനെയാണ് തുരുമ്പെടുക്കുന്നത്? ഇത് സംബന്ധിച്ച് അടുത്തിടെ ഗവേഷകർ ഒരു പഠനം നടത്തിയിരുന്നു. ഇതിലൂടെയാണ് ഈ പ്രതിഭാസത്തിന് ഭൂമിയാണ് കാരണമെന്ന് കണ്ടെത്തിയത്.
ഭൂമിയും ചന്ദ്രനും തമ്മിലുള്ള ബന്ധമാണ് ഇതിന് പിന്നിലെന്നാണ് ഗവേഷകർ പറയുന്നത്. ഈ പഠനം ഭൂമിയ്ക്കും ചന്ദ്രനും ഇടയിലുള്ള ആഴത്തിലുള്ള ബന്ധം മനസിലാക്കാൻ സഹായിക്കുന്നതായി ചെെനയിലെ മക്കാവു യൂണിവേഴ്സിറ്റി ഓഫ് ലയൻസ് ആൻഡ് ടെക്നോളജിയിലെ ഗ്രഹ ശാസ്ത്രജ്ഞനായ സിലിയാങ് ജിൻ പറയുന്നു.

കാരണം
ചില അവസരങ്ങളിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്നുള്ള ഓക്സിജൻ ചന്ദ്രനിലേക്ക് എത്തുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. അതായത്, ഓരോ മാസവും ചന്ദ്രൻ ഭൂമിയുടെ കാന്തികവലയമായ 'മാഗ്നെറ്റോടെയിലി'ലൂടെ കടന്നുപോകുമ്പോൾ ഏകദേശം അഞ്ച് ദിവസത്തേക്ക് സൂര്യനിൽ നിന്നുള്ള സൗരവാതകങ്ങൾ ഭൂമി തടയുന്നു. ഈ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ കണികകൾ ചന്ദ്രനിലേക്ക് എത്തുന്നു. 'ഭൂമിക്കാറ്റ് ( Earth wind)' എന്നാണ് ഇതിനെ വിളിക്കുന്നത്. സ്‌കെെ അറ്റ് നെെറ്റ് മാഗസിൻ പറയുന്നതനുസരിച്ച് ഇത് സൗരവാതക ഇടപെടൽ കുറയ്ക്കുകയും ചന്ദ്രനിലെ ഓക്സിഡേഷന് കാരണമാകുകയും ചെയ്യുന്നു.

പഠനത്തിന്റെ ഫലം
ഈ സിദ്ധാന്തം പരീക്ഷിക്കുന്നതിനായി ശാസ്ത്രജ്ഞർ ലബോറട്ടറിയിൽ 'ഭൂമിക്കാറ്റ്' പുനഃസൃഷ്ടിച്ച് ഒരു പരീക്ഷണം നടത്തി. ഹ്രെെഡജൻ, ഓക്സിജൻ, അയോണുകളെ ഉയർന്ന ഊർജ്ജത്തിലേക്ക് ത്വരിതപ്പെടുത്തി ചന്ദ്രനിൽ കാണുന്നതിന് സമാനമായ ഇരുമ്പ് സമ്പുഷ്ടമായ ധാതു പരലുകളിലേക്ക് ഭൂമിക്കാറ്റ് വിട്ടു. ഉയർന്ന ഊർജ്ജമുള്ള ഈ ധാതുക്കളെ ഹെമറ്റെെറ്റാക്കി മാറ്റാൻ കഴിയുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചു.
'ഇതൊരു മികച്ച പരീക്ഷണമാണ്'- ഇന്ത്യയുടെ ചന്ദ്രയാൻ 1 ദൗത്യത്തിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ചന്ദ്രനിലെ ഹെമറ്റെെറ്റിന്റെ അംശം ആദ്യം കണ്ടെത്തിയ 2020ലെ ടീമിനെ നയിച്ച മനോവയിലെ ഹവായ് സർവകലാശാലയിലെ ഗ്രഹ ശാസ്ത്രജ്ഞനായ ഷുവായ് ലി പറഞ്ഞു. തുരുമ്പെടുക്കുന്ന ഈ പ്രക്രിയ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഒരു ദീർഘകാല പദാർത്ഥ കെെമാറ്റത്തെയാണ് കാണിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.

ചന്ദ്രനിലെ ഭാവിയെ ഇത് എങ്ങനെ ബാധിക്കുമോ?
ചന്ദ്രനിലെ തുരുമ്പിന്റെ സാന്നിദ്ധ്യം ഭാവിയിൽ ചന്ദ്ര ദൗത്യങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ചന്ദ്രനിൽ ദീർഘകാലത്തേക്ക് ഉപകരണങ്ങളും വിഭവങ്ങളും വികസിപ്പിക്കുമ്പോൾ ഈ പ്രതിഭാസം ഒരു വെല്ലുവിളിയായേക്കാം.