missile

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് വീണ്ടും ചരിത്രമെഴുതി അഗ്നി - പ്രൈം മിസൈൽ പരീക്ഷണം വിജയകരമാക്കി ഇന്ത്യ. റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ സിസ്റ്റത്തിൽ നിന്നായിരുന്നു മിസൈലിന്റെ പരീക്ഷണ വിക്ഷേപണം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തന്റെ എക്‌സ് പേജിലൂടെ ഇതിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

അതിനൂതന സംവിധാനങ്ങൾ സജ്ജീകരിച്ചതാണ് പുതിയ തലമുറ അഗ്നി - പ്രൈം മിസൈലുകൾ. 2000 കിലോമീറ്റർ വരെയാണ് ഇതിന്റെ ദൂരപരിധി. ഇതാദ്യമായാണ് രാജ്യം റെയിൽ അധിഷ്‌ഠിത മൊബൈൽ ലോഞ്ചറിൽ നിന്ന് മിസൈൽ പരീക്ഷിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് എക്‌സിൽ കുറിച്ചു. കാര്യമായ തയ്യാറെടുപ്പുകൾ ആവശ്യമില്ല. റെയിൽ ശൃംഖലയിലൂടെ യഥേഷ്‌ഠം വിന്യസിക്കാവുന്ന മിസൈലാണിത്. കുറഞ്ഞ സമയത്തിനുള്ളിൽ ശത്രുവിന്റെ കണ്ണുവെട്ടിച്ച് തിരിച്ചടി നൽകാൻ കെൽപ്പുള്ളതാണ് ഇതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിൽ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷനെയും (ഡിആർഡിഒ) സംയുക്ത സേനാ കമാൻഡിനെയും സായുധ സേനകളെയും രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. മിസൈലിന്റെ വിജയകരമായ പരീക്ഷണത്തോടെ, റെയിൽ ശൃംഖലയിലൂടെ കൊണ്ടുനടന്ന് വിന്യസിക്കാൻ ശേഷിയുള്ള മിസൈൽ സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടംപിടിച്ചുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.