
സ്ത്രീകളുടെ പാവാടയും സാമ്പത്തിക വളർച്ചയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ചോദിക്കുന്നവന് വട്ടാണെന്ന് പറയാൻ വരട്ടെ. പാവാടയുടെ ഇറക്കം കുറയുന്നതും കൂടുന്നതും സമ്പദ്‌വ്യവസ്ഥയുടെ ഉയർച്ച താഴ്‌ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പല സാമ്പത്തിക വിദഗ്ദ്ധരും വ്യക്തമാക്കുന്നത്. ആരെയും അമ്പരപ്പിക്കുന്ന ചില കാര്യങ്ങളാണ് അവർ വിവരിക്കുന്നത്. 'ഹെംലൈൻ സൂചിക' എന്നാണ് വസ്ത്രങ്ങളുടെ നീളംനോക്കി സാമ്പത്തികസ്ഥിതി മനസിലാക്കുന്ന തിയറി അറിയപ്പെടുന്നത്. ഇതിനെക്കുറിച്ചുള്ള ചില കാര്യങ്ങൾ അറിയാം.
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോർജ് ടെയ്‌ലർ 1920തുകളിൽ മുന്നോട്ടുവച്ചതാണ് ഹെംലൈൻ സൂചിക എന്ന ആശയം. സ്ത്രീകളുടെ പാവാടയുടെ നീളം കൂടുന്നത് സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലാണെന്നതിന്റെയും നീളം ചെറുതാവുന്നത് സാമ്പത്തിക വളർച്ചയെയും സൂചിപ്പിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. നാലുവർഷംവരെയുള്ള സാമ്പത്തിക മാറ്റങ്ങൾ ഇതിലൂടെ മുൻകൂട്ടി പ്രവചിക്കാൻ കഴിയുമെന്നും ജോർജ് ടെയ്‌ലർ പറഞ്ഞിരുന്നു.
കേൾക്കുമ്പോൾ വെറുമൊരു മണ്ടൻ തിയറി എന്ന് തോന്നുമെങ്കിലും എൺപതുശതമാനം കൃത്യത ഇതിനുണ്ടായിരുന്നു എന്നാണ് അക്കാലത്തെ പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. 1920 മുതൽ കാൽമുട്ടുവരെ നീളുന്നതും അതിന് മുകളിൽ നിൽക്കുന്ന പാവാടകളുമായിരുന്നു (മിനി സ്കർട്ട്) സ്ത്രീകളുടെയും യുവതികളുടെയും ഇടയിലെ ഫാഷൻ. മുട്ടിന് താഴേക്ക് ഇറങ്ങിനിൽക്കുന്ന വസ്ത്രങ്ങൾ തീരെ ഉപയോഗത്തിലില്ലായിരുന്നു. ആ കാലഘട്ടം വൻ സാമ്പത്തിക പുരോഗതിയുടെ കാലമായിരുന്നു. യുദ്ധകാലത്തും മറ്റും നീളമുളള പാവാടകളായിരുന്നു ട്രെൻഡ്. അക്കാലത്ത് സാമ്പത്തികപ്രശ്നങ്ങൾ കടുത്തതായിരുന്നു.
രണ്ടായിരത്തിനുശേഷവും ഇങ്ങനെ സംഭവിച്ചതിന് ഉദാഹരണങ്ങളുണ്ട്. 2005 ആയതോടെ അതുവരെ നിലനിന്നിരുന്ന ഫാഷൻ ട്രെൻഡ് മാറി. മുട്ടിന് താഴേക്ക് നിൽക്കുന്ന പാവാടകളും നൈറ്റിപോലുള്ള വസ്ത്രങ്ങളും സ്ത്രീകളുടെ ഇടയിൽ ട്രെൻഡായി. ഇതുകഴിഞ്ഞ് മൂന്നുവർഷമായപ്പോൾ 2008ൽ കടുത്ത സാമ്പത്തിക മാന്ദ്യം പിടിമുറുക്കുകയും ചെയ്തു. ഇപ്പോൾ മനസിലായില്ലെ ഹെംലൈൻ സൂചിക വെറുമൊരു പൊട്ടൻ തിയറി അല്ലെന്നത്. അനുഭവസാക്ഷ്യങ്ങൾ ഒത്തിരിയുണ്ടെങ്കിലും ന്യൂജെൻ ഈ തിയറിയെ തള്ളിക്കളയുകയാണ്. വസ്ത്രത്തിന്റെ ഇറക്കം കുറയുന്നതും കൂടുന്നതും വികാരങ്ങളുടെയും മാനസികാവസ്ഥയുടെയും അടയാളങ്ങളായാണ് അവർ പറയുന്നത്.
അടിവസ്ത്രത്തിനും ചിലത് പറയാനുണ്ട്
പാവാട മാത്രമല്ല അടിവസ്ത്രങ്ങളും സാമ്പത്തികമായുളള വളർച്ച തളർച്ചകളുടെ പ്രതീകമാണെന്നാണ് വിലയിരുത്തുന്നത്. പുരുഷന്മാരുടെ അടിവസ്ത്രമാണ് ഇതിലെ സൂചിക. പുരുഷന്മാരുടെ അടിവസ്ത്രങ്ങളുടെ വില്പന കുറയുന്നത്, മുടിവെട്ടുന്നത് പിന്നത്തേക്ക് മാറ്റിവയ്ക്കുന്നത്, ലിപ്‌സ്റ്റിക്ക് വില്പനയിലെ മാറ്റം, അത്യാവശ്യമല്ലാത്ത വസ്തുക്കൾക്കായി കൂടുതൽ പണം ചെലവഴിക്കുന്നത് തുടങ്ങിയവ സാമ്പത്തിക ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് കണക്കാക്കുന്നത്.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇത് എല്ലായ്‌പ്പോഴും ശരിയാവണമെന്നില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. ഫാഷൻ ട്രെൻഡുകൾ മാറുന്നതിന് പല കാരണങ്ങൾ ഉണ്ടാവും. സാമ്പത്തികപ്രശ്നങ്ങൾ ഇല്ലാത്തസമയത്ത് നീളമുളള പാവാടകൾ ഫാഷനായിരുന്നു എന്നും പ്രശ്നങ്ങൾ ഉള്ള സമയത്ത് ഇറക്കം കുറഞ്ഞ പാവാടകൾ ഫാഷനായിരുന്ന കാലമായിരുന്നുവെന്നും അവർ പറയുന്നുണ്ട്.