
ജോലി സ്ഥലം എങ്ങനെയായിരിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. ജോലിക്കിടയിൽ ഉറങ്ങാനായി കുറച്ച് സമയം തരണമെന്നൊക്കെയായിരിക്കും മിക്കവരുടെയും ആഗ്രഹം. ജോലിക്ക് കയറിയ ആദ്യ ദിനം തന്നെ ലാപ്‌ടോപ്പിനൊപ്പം നല്ലൊരു കിടക്ക കൂടി തന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? അങ്ങനെയൊക്കെ എവിടെയെങ്കിലും സംഭവിക്കുമോ എന്നല്ലേ ചിന്തിക്കുന്നത്? സംഭവിക്കും. അത്തരമൊരു കമ്പനിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
യുഎസ് ആസ്ഥാനമായുള്ള ഒരു വ്യക്തിയുടെ കമ്പനിയാണ് ജീവനക്കാർക്ക് മെത്ത കൂടി നൽകുന്നത്. കമ്പനിയിലെ ഒരു ജീവനക്കാരൻ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇവിടെ പുതിയ ജീവനക്കാർക്ക് ഓഫർ ലെറ്ററിനൊപ്പം ഒരു മെത്തയും നൽകുന്നു. ജീവനക്കാരെ ഇത്രയും സ്‌നേഹിക്കുന്ന കമ്പനിയോ എന്ന് ചിന്തിക്കാൻ വരട്ടെ. മെത്ത നൽകിയ ശേഷം സംഭവിക്കുന്നത് ശരിക്കും അത്ഭുതകരമാണ്.
മെത്ത ഉച്ചയ്ക്ക് ഉറങ്ങാൻ വേണ്ടിയുള്ളതല്ല. വീട്ടിലേക്കുള്ള യാത്രയിൽ സമയം പാഴാക്കുന്നത് ഒഴിവാക്കാൻ, രാത്രി വൈകി ജോലി കഴിഞ്ഞ ശേഷം ജീവനക്കാർക്ക് ഓഫീസിൽ ഉറങ്ങാൻ വേണ്ടിയുള്ളതാണ് മെത്ത. പലപ്പോഴും പുലർച്ചെ നാല് മണിവരെയൊക്കെ ജോലി ചെയ്യേണ്ടിവരുന്നു. മിക്കവാറും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യേണ്ടിയും വരുന്നുവെന്ന് പോസ്റ്റിൽ പറയുന്നു. വളരെ ടോക്സിക്കായിട്ടുള്ള ജോലിയാണിതെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ' ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ടോക്സിക്കായ കാര്യങ്ങളിൽ ഒന്നായിരിക്കണം ഇത്.'- എന്നാണ് ഒരാൾ കമന്റ് ചെയ്തത്.