msc-elsa-3

കൊച്ചി: എം.എസ്.സി എൽസ 3 കപ്പൽ കേരള തീരത്ത് അപകടത്തിൽപ്പെട്ടതിനെത്തുടർന്നുണ്ടായ പരിസ്ഥിതിനാശത്തിന് 1200.62 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. സംസ്ഥാന സർക്കാർ ഫയൽ ചെയ്ത അഡ്‌മിറാലിറ്റി സ്യൂട്ടിൽ ജസ്റ്റിസ് എംഎ അബ്ദുൾ ഹക്കീമിന്റേതാണ് ഉത്തരവ്.

മുങ്ങിയ കപ്പലിൽ നിന്ന് എണ്ണ ചോരുകയും കണ്ടെയ്‌നറുകളിലെ രാസവസ്‌തുക്കളടക്കം കടലിൽ കലരുകയും ചെയ്തതുമൂലം പരിസ്ഥിതി, സാമ്പത്തിക മേഖലയിലെ നഷ്ടം കണക്കിലെടുത്താണ് കോടതി ഉത്തരവ്. കപ്പലപകടത്തെ തുടർന്ന് മത്സ്യജല സമ്പത്തിന് വ്യാപക നാശനഷ്ടമുണ്ടായെന്നും ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് സഹായം നൽകുന്നതിനുമായി കപ്പൽ കമ്പനി 9531 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹർജി നൽകിയത്. എന്നാൽ സർക്കാർ ആവശ്യപ്പെടുന്ന തുക യാഥാർത്ഥ്യത്തിന് വിരുദ്ധമാണെന്നും അപകടം നടന്നത് സംസ്ഥാന സമുദ്രാതിർത്തിയിൽ നിന്ന് 14.5 നോട്ടിക്കൽ മൈൽ അകലെയായതിനാൽ കേരള സർക്കാരിന് അഡ്‌‌മിറാലിറ്റി സ്യൂട്ട് നൽകാൻ അധികാരമില്ലെന്നുമാണ് കപ്പൽ കമ്പനി വാദിച്ചത്.

വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട എം.എസ്‌.സി എൽസ 3 എന്ന ചരക്കുകപ്പൽ മേയ് 25 നാണ് കൊച്ചി പുറംകടലിൽ മുങ്ങി അപകടമുണ്ടായത്. കടലിലേക്ക് വീണ കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിൽ അടിഞ്ഞിരുന്നു. അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകൾ കടലിൽ ഒഴുകിപ്പോയത് ആശങ്കയുയർത്തുകയും ചെയ്തിരുന്നു.