
പാലോട്: തായ്ലൻഡ് സ്വദേശിയായ സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന 'ഗാഗ്' മലയോര മേഖലയായ കല്ലറയിലുമെത്തി. കല്ലറ മാടൻകാവ് റുബീന മൻസിലിൽ അബ്ദുൾ റഹിമിന്റെ വീടിന്റെ മട്ടുപ്പാവിലും പുരയിടത്തിലുമായി വിവിധ വർണ്ണങ്ങളിലുള്ള ഗാഗ് ഫ്രൂട്ട് വിളഞ്ഞു നിൽക്കുകയാണ്. കായിട്ട് പഴം പാകമാകുന്നതുവരെ നാല് നിറങ്ങളിൽ ഗാഗ് ഫ്രൂട്ടിനെ കാണാനാകും.
കായകൾക്ക് ആദ്യം പച്ച നിറമായിരിക്കും. വളർച്ച രണ്ടാം ഘട്ടത്തിലെത്തുമ്പോൾ മഞ്ഞയും കുറച്ചു കൂടി പാകമാകുമ്പോൾ ഓറഞ്ച് നിറത്തിലെത്തും പാകമാകുന്നതോടെ ചുവപ്പ് നിറമാകും. ഔഷധ ഗുണമുള്ളതുകൊണ്ട് ഗാഗ്ഫ്രൂട്ട് സ്വർഗ്ഗത്തിലെ കനിയെന്നും വിളിക്കാറുണ്ട്. കേരളത്തിൽ അപൂർവ്വമായി കാണുന്ന ഗാഗ്ഫ്രൂട്ട് രുചിയിലും വ്യത്യസ്തമാണ്.

ഒരു പഴത്തിന് ഒരു കിലോക്കു മുകളിൽ ഭാരമുണ്ട്. കിലോയ്ക്ക് 1000 മുതൽ 1500 രൂപ വരെയാണ് വിപണി വില.പഴത്തിന് പുറമേ ചെടിയുടെ ഇല ഭക്ഷണാവശ്യങ്ങൾക്കും ഉപയോഗിക്കാം. ഒരു ചെടിയിൽ നിന്നും വർഷങ്ങളോളം കായ്ഫലം ലഭിക്കും. തായ്ലൻഡിലെ പഴക്കടയിൽ നിന്നും കൗതുകം തോന്നിയാണ് ഫ്രൂട്ട് വാങ്ങിയത്. ഒരു വർഷം സൂക്ഷിച്ച ശേഷമാണ് വിത്തുകൾ നട്ടത്.
വിത്ത് മുളക്കാൻ 45 ദിവസത്തോളം വേണം. ചാണകം എല്ലുപൊടി എന്നിവയാണ് വളം. ആവശ്യത്തിന് സൂര്യപ്രകാശവും രണ്ട് നേരം നനയ്ക്കുകയും വേണം. വള്ളിപ്പടർപ്പ് പോലെയാണ് ഗാഗിന്റെ വളർച്ച. അപൂർവ്വമായി വിളഞ്ഞ ഗാഗ് കാണാൻ ധാരാളം സന്ദർശകർ അബ്ദുൾ റഹിമിന്റെ വീട്ടിലെത്തുന്നുണ്ട്. 12സെന്റ് വസ്തുവിൽ ഗാഗ്ഫ്രൂട്ട് കൂടാതെ വിദേശികളും സ്വദേശികളുമായ അൻപതിലധികം പഴവർഗ്ഗങ്ങളും ഇവിടുണ്ട്.