indian-cricket-team

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് കരുൺ നായരെ ഒഴിവാക്കി, ദേവ്ദത്ത് പടിക്കൽ ടീമിൽ

ഗിൽ തന്നെ നായകൻ, ഉപനായകനായി രവീന്ദ്ര ജഡേജ,റിഷഭ് പന്തും ശ്രേയസ് അയ്യരുമില്ല

മുംബയ് : ഇംഗ്ളണ്ട് പര്യടനത്തിൽ കളിച്ച മറുനാടൻ മലയാളി താരം കരുൺ നായരെ ഒഴിവാക്കി മറ്റൊരു മറുനാടൻ മലയാളി ദേവ്‌ദത്ത് പടിക്കലിനെ ഉൾപ്പെടുത്തിയും വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ ഹോം സീരിസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.

ഇംഗ്ളണ്ട് പര്യടനത്തിൽ നയിച്ച ശുഭ്മാൻ ഗിൽ തന്നെയാണ് ക്യാപ്ടൻ. പരിക്കിൽ നിന്ന് മുക്തി നേടാത്ത റിഷഭ് പന്തിന് വിശ്രമം അനുവദിച്ചപ്പോൾ സീനിയർ ആൾറൗണ്ടർ രവീന്ദ്ര ജഡേജയെ വൈസ് ക്യാപ്ടനാക്കി. പരിക്കുകാരണം ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന് അറിയിച്ച ശ്രേയസ് അയ്യരെ ഒഴിവാക്കിപ്പോൾ സർഫ്രാസ് ഖാന് തിരിച്ചുവരവിന് അവസരം ലഭിച്ചില്ല. യശസ്വി ജയ്സ്വാൾ, സായ് സുദർശൻ, ധ്രുവ് ജുറേൽ, കെ.എൽ രാഹുൽ,വാഷിംഗ്ടൺ സുന്ദർ, നിതീഷ് റെഡ്ഡി,അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, സിറാജ്,കുൽദീപ് യാദവ്,പ്രസിദ്ധ് കൃഷ്ണ എന്നിവർ സ്ഥാനം നിലനിറുത്തിയപ്പോൾ രണ്ടാം വിക്കറ്റ് കീപ്പറായി എൻ.ജഗദീശന് അവസരം ലഭിച്ചു. മൂന്നുവർഷത്തോളമായി വിവിധ പരമ്പരകളിൽ ടീമിലുണ്ടായിരുന്നെങ്കിലും പ്ളേയിംഗ് ഇലവനിൽ ഒരിക്കലും അവസരം ലഭിക്കാതിരുന്ന ഓപ്പണർ അഭിമന്യു ഈശ്വരനെ ഒഴിവാക്കി. ഹോം സീരിസിൽ മൂന്നാമതൊരു ഓപ്പണർ വേണ്ടാത്തതിനാലാണ് ഈ തീരുമാനമെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ വിശദീകരിച്ചു.

ഇന്ത്യൻ ടീം : ശുഭ്മാൻ ഗിൽ(ക്യാപ്ടൻ),രവീന്ദ്ര ജഡേജ (വൈസ് ക്യാപ്ടൻ),ദേവ്ദത്ത് പടിക്കൽ,യശസ്വി ജയ്സ്വാൾ, സായ് സുദർശൻ, ധ്രുവ് ജുറേൽ, കെ.എൽ രാഹുൽ,വാഷിംഗ്ടൺ സുന്ദർ, നിതീഷ് റെഡ്ഡി,അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്,പ്രസിദ്ധ് കൃഷ്ണ,മുഹമ്മദ് സിറാജ്, എൻ.ജഗദീശൻ.

കരുണിൽ നിന്ന് കുറച്ചുകൂടി പ്രതീക്ഷിച്ചു : അഗാർക്കർ

എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ കരുൺ നായരിൽ നിന്ന് ഇംഗ്ളണ്ട് പര്യടനത്തിൽ കുറച്ചുകൂടി മികച്ച പ്രകടനം പ്രതീക്ഷിച്ചുവെന്നും അതുണ്ടാകാത്തതിനാലാണ് ഒഴിവാക്കിയതെന്നും ചീഫ് സെലക്ടർ അജിത് അഗാർക്കർ പറഞ്ഞു. നാലുമത്സരങ്ങൾ കളിച്ച കരുണിന് എട്ട് ഇന്നിംഗ്സുകളിൽ നിന്ന് ഒരു അർദ്ധസെഞ്ച്വറിയടക്കം 206 റൺസേ നേടാനായിരുന്നുള്ളൂ. അവസാന ടെസ്റ്റിലാണ് അർദ്ധസെഞ്ച്വറി നേടാനായത്. അതേസമയം ഇപ്പോൾ ദേവ്ദത്ത് മികച്ച ഫോമിലാണെന്ന് അഗാർക്കർ ചൂണ്ടിക്കാട്ടി. നേരത്തേ ഓസ്ട്രേലിയൻ പര്യടനത്തിൽ ടീമിലുണ്ടായിരുന്നു. ഇംഗ്ളണ്ടിനെതിരെ ഈ വർഷമാദ്യം ധർമ്മശാലയിൽ അർദ്ധസെഞ്ച്വറി നേടി. ഓസ്ട്രേലിയൻ എ ടീമിനെതിരെ കഴിഞ്ഞദിവസം 150 റൺസടിച്ചതും പരിഗണിക്കാൻ വഴിയൊരുക്കിയെന്ന് അഗാർക്കർ പറഞ്ഞു.

ഓരോ കളിക്കാർക്കും കഴിവ് തെളിയിക്കാൻ 15-20 മത്സരങ്ങളിലെങ്കിലും തുടർച്ചയായി അവസരം നൽകണമെന്നാണ് സെലക്ഷൻ കമ്മറ്റിയുടെ ആഗ്രഹം. നിർഭാഗ്യവശാൽ അതിനുള്ള സാഹചര്യമില്ല.അപ്പോൾ കിട്ടുന്ന അവസരങ്ങളിൽ സ്ഥാനമുറപ്പിക്കാനാണ് കളിക്കാർ ശ്രമിക്കേണ്ടത്.

- അജിത് അഗാർക്കർ, ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ

ടെസ്റ്റ് ഷെഡ്യൂൾ

ഇന്ത്യ Vs വെസ്റ്റ് ഇൻഡീസ്

ഒന്നാം ടെസ്റ്റ്

ഒക്ടോബർ 2-6

അഹമ്മദാബാദ്

രണ്ടാം ടെസ്റ്റ്

ഒക്ടോബർ 10-14

ന്യൂ ഡൽഹി