000

തിരുവനന്തപുരം: ചെറിയൊരു മഴ പെയ്താൽ പോലും കുളമാകുന്ന അവസ്ഥയിലാണ് മെഡിക്കൽ കോളേജിലെ ബസ് സ്റ്റാൻഡ്.കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സ്റ്റാൻഡ് പകുതിയോളം മുങ്ങി.വെള്ളം പൊങ്ങുന്നതോടെ മാലിന്യങ്ങൾ ഉൾപ്പെടെ നിറഞ്ഞ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ദുരിതമാണ്.

സ്റ്റാൻഡിനകത്തെ പൊതുടോയ്‌ലെറ്റിൽ നിന്നുള്ള മാലിന്യവും ദുർഗന്ധവും ദുരിതമിരട്ടിയാക്കുന്നു. ജലജന്യരോഗങ്ങൾ പകരാനും സാദ്ധ്യതയേറെയാണ്.അവസ്ഥ പരിതാപകരമായിട്ടും സ്റ്റ‌ാൻഡും ടോയ്‌ലെറ്റും വൃത്തിയാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.ഇവിടെത്തെ പല ഓടകളും മാലിന്യത്താൽ അടഞ്ഞിരിക്കുകയാണ്. നഗരസഭയുടെ ഓടകളിൽ പോലും വർഷങ്ങളായി ശുചീകരണം നടക്കുന്നില്ല.

ബസുകൾ വളരെ വേഗതയിൽ വന്നുനിറുത്തിയാൽ യാത്രക്കാരുടെ ദേഹത്തേക്കാണ് ചെളിവെള്ളം തെറിക്കുന്നത്. ഇതുസംബന്ധിച്ച തർക്കങ്ങളും പതിവാണ്.എത്രയും വേഗം പ്രശ്നപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ലഹരിയും അനാശാസ്യവും

സ്റ്റാൻഡിൽ സാമൂഹ്യവിരുദ്ധ ശല്യവും ലഹരി വില്പനയും വ്യാപകമാണെന്ന പരാതിയുമുണ്ട്.അനാശാസ്യ സംഘങ്ങളും സ്റ്റാൻഡിലെത്തുന്നുണ്ട്.ഇവർ മറ്റുയാത്രക്കാരായ വിദ്യാർത്ഥിനികൾക്കും സ്ത്രീകൾക്കും ഭീഷണിയാണെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു.ഇതുസംബന്ധിച്ച് പല ദിവസങ്ങളിലും സംഘർഷം വരെയുണ്ടാകാറുണ്ട്. തലവേദനയാകുമെന്നുകണ്ട് പൊലീസും ഒരുപരിധിവരെ ഈ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം.