
ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മലയാളിക്ക് ഒരു വികാരമാണ്. അത്തരത്തില്‍ ചില ഭക്ഷണ സാധനങ്ങള്‍ നേരവും കാലവും നോക്കാതെ പോലും മലയാളികള്‍ കഴിക്കാറുണ്ട്. സദ്യക്ക് ഒപ്പമാണ് പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും നാടന്‍ കഞ്ഞി മുതല്‍ ചായക്കൊപ്പം ചെറുകടിയായി വരെ മലയാളികള്‍ കഴിക്കുന്ന ഒരു ഉത്പന്നമാണ് പപ്പടം. വിവിധതരത്തിലുള്ള പപ്പടങ്ങള്‍ നാട്ടില്‍ ലഭ്യമാണ്. അതില്‍ തന്നെ നമ്മുടെ ഗുരുവായൂര്‍ പപ്പടത്തിന് പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട്.
നമ്മുടെ സ്വന്തം പപ്പടം എന്ന് പറയാറുണ്ടെങ്കിലും ആള് അത്ര നാടനല്ല. പൂര്‍ണമായും മലയാളി എന്ന് വിളിക്കാനും കഴിയില്ല പപ്പടത്തെ. വിവിധ നാടുകളില്‍ വിവിധ രൂപത്തിലും ഭാവത്തിലും സ്വാദിലും പപ്പടം ലഭിക്കാറുണ്ട്. രാവിലെയും ഉച്ചക്കുമെന്നല്ല, ഏതുനേരത്തും ഏതെങ്കിലും വിഭവത്തിനൊപ്പവും രുചിയോടെ മലയാളി പൊടിച്ച് കഴിക്കുന്ന പപ്പടത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. ഉഴുന്ന് ഉപയോഗിച്ചാണ് പ്രധാനമായും പപ്പടം നിര്‍മിക്കുന്നത്. ഒപ്പം ഉപ്പും പപ്പടക്കാരവും ചേര്‍ക്കും.
കേരളത്തിലെ പപ്പടത്തില്‍ നിന്ന് വ്യത്യസ്തമാണ് തമിഴ്‌നാട്ടിലെ പപ്പടം. കുരുമുളകിന്റെ സ്വാദാണ് തമിഴ്‌നാട് പപ്പടത്തില്‍ കൂടുതലായി പ്രതിഫലിക്കുന്നത്. നമ്മുടെ നാട്ടിലേത് പോലെ എളുപ്പത്തില്‍ പൊടിഞ്ഞ് പോകുന്നതിന് പകരം മുറിച്ചെടുക്കാന്‍ കഴിയുന്നതാണ് അവ. കേരളത്തിലും ദക്ഷിണേന്ത്യയിലും മാത്രമല്ല ഉത്തരേന്ത്യയിലും പപ്പടം വളരെ പ്രധാനപ്പെട്ട ഒരു ഭക്ഷ്യവസ്തുവാണ്. നാടും സംസ്‌കാരവും മാറുന്നതിന് അനുസരിച്ച് പപ്പടത്തിന്റെ സ്വാദും രൂപവും വലുപ്പവും എല്ലാം മാറാറുണ്ട്.
എന്നാല്‍ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പറയപ്പെടുന്നത്. കേടുകൂടാതെ സൂക്ഷിക്കാന്‍ സഹായിക്കുന്ന സോഡിയം ബെന്‍സോയേറ്റ് വന്‍ അപകടകാരിയാണ്. കുട്ടികളില്‍ ഹൈപ്പര്‍ ആക്ടിവിറ്റിക്കുവരെ അതു കാരണമായേക്കും. അതുപോലെ തന്നെ രക്തസമ്മര്‍ദ്ദം ഉയരുന്നതിനും അമിതമായി പപ്പടം കഴിക്കുന്നത് കാരണമാകും. പപ്പടത്തില്‍ ചേര്‍ക്കുന്ന ഉയര്‍ന്ന അളവിലെ ഉപ്പ് ഹൃദ്രോഗങ്ങള്‍, രക്തസമ്മര്‍ദം എന്നിവ ഉള്ളവര്‍ക്ക് അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കും.