
ദുബായ്: പ്രവേശനാനുമതി ലഭിക്കാനുള്ള നിയമങ്ങളിൽ പുതിയ ഭേദഗതി വരുത്തി യുഎഇ. നിലവിൽ വിസിറ്റിംഗ് വിസയ്‌ക്കായി അപേക്ഷിക്കുന്നവരുടെ പാസ്‌പോർട്ടിന്റെ പുറം കവറിന്റെ പകർപ്പ് നൽകണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ ആഴ്‌ച മുതലാണ് ഈ പുതിയ ആവശ്യകത കൂടി ചേർത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു. ഇപ്പോൾ എല്ലാ അപേക്ഷകൾക്കുമൊപ്പം പാസ്‌പോർട്ടിന്റെ കവർ പേജ് കൂടി അപ്‌ലോഡ് ചെയ്യുന്നുണ്ട്.
എല്ലാ എൻട്രി പെർമിറ്റ് അപേക്ഷകൾക്കും ഇപ്പോൾ പാസ്‌പോർട്ടിന്റെ പുറത്തെ കവർ പേജ് അറ്റാച്ച് ചെയ്യേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടെ യുഎഇയിലേക്കുള്ള എൻട്രി പെർമിറ്റിന് അപേക്ഷിക്കുന്നവർക്ക് പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ, ഹോട്ടൽ ബുക്കിംഗ് സ്ഥിരീകരണത്തിന്റെ രേഖകൾ, പാസ്‌പോർട്ട് കവർ പേജിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം.
ഇതേക്കുറിച്ച് അറിയിപ്പ് നൽകുന്ന ഇ-മെയിൽ സന്ദേശം ട്രാവൽ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ പുതിയ ഭേദഗതി വരുത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. അപേക്ഷകർ തെറ്റായ പൗരത്വം നൽകുന്നതാകാം ഇങ്ങനെയൊരു പുതിയ നിയമം കൊണ്ടുവരാൻ കാരണമെന്നാണ് നിഗമനം. മാത്രമല്ല, ചില പാസ്‌പോർട്ടുകളിൽ രാജ്യത്തിന്റെ പേര് വളരെ ചെറിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നതിനാൽ ഏത് രാജ്യമാണെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. പാസ്‌പോർട്ടിന്റെ കവർ പേജ് കണ്ടാൽ ഈ പ്രശ്‌നം പരിഹരിക്കാനാകും. ഇനിമുതൽ പുതിയ ഭേദഗതി അറിയാതെ അപേക്ഷിക്കുന്നവർക്ക് വിസ ലഭിക്കില്ല.