
ജന്മം കൊണ്ട് അമ്മയായില്ലെങ്കിലും കർമം കൊണ്ട് അമ്മയായ നിരവധി നടിമാർ സിനിമാലോകത്തുണ്ടെന്ന് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. വളർത്താൻ കഴിയാതെ സ്വന്തം കുഞ്ഞുങ്ങളെ കൊന്നുകളയുന്ന അമ്മമാരുടെ എണ്ണം അടുത്തിടെ ഉയരുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളായ പല നടിമാരും ബോളിവുഡിലെ പ്രമുഖരും കുഞ്ഞുങ്ങളെ ദത്തെടുത്ത് വളർത്തുന്നതിനെക്കുറിച്ചും ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
'നൃത്തത്തിനായി ജീവിതം മാറ്റിവച്ച നടിയാണ് ശോഭന. ശതകോടികളുടെ ആസ്തിയുളള നടി തനിക്ക് സ്‌നേഹിക്കാനും ലാളിക്കുവാനും 2010ൽ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു. അനന്ത നാരായണിയെന്ന് പേരിട്ടു. തന്റെ സ്‌നേഹ വാത്സല്യങ്ങളെല്ലാം മകൾക്ക് നൽകി ശോഭന ചെന്നൈയിലാണ് താമസിക്കുന്നത്. മകളുടെ വസ്ത്രത്തിന്റെ കാര്യത്തിൽ താൻ നന്നായി ശ്രദ്ധിക്കുമെന്നും പെൺകുട്ടികൾ വേഗം വളരുമെന്നും വസ്ത്രങ്ങൾ ചെറുതാകുന്നുണ്ടോയെന്ന് നമ്മൾ നന്നായി ശ്രദ്ധിക്കണമെന്നും ശോഭന പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ മകളാണ് തന്റെ ലോകമെന്നാണ് ശോഭന പറയുന്നത്. താൻ അഭിനയിച്ച വരനെ ആവശ്യമുണ്ടെന്ന ചിത്രം മകൾക്ക് ഇഷ്ടമല്ലെന്ന് ശോഭന പറഞ്ഞിട്ടുണ്ട്. അതിനുകാരണം കല്യാണി പ്രിയദർശനാണെന്നും തന്റെ മകളായി കല്യാണി അഭിനയിച്ചത് നാരായണിക്ക് ഇഷ്ടമായില്ലെന്നാണ് ശോഭന ഒരു അഭിമുഖത്തിൽ പറഞ്ഞത്. അമ്മയാകാൻ പൊക്കിൾക്കൊടി ബന്ധത്തിന്റെ ആവശ്യമില്ലെന്നാണ് ശോഭന പറയുന്നത്.
കുട്ടികളില്ലാത്ത നടി അഭിരാമിയും ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്നു. കൽക്കിയെന്നാണ് ആ കുഞ്ഞിന്റെ പേര്. കൽക്കി വന്നതിനുശേഷം ജീവിതം ഒരുപാട് മാറിയെന്നാണ് അഭിരാമി ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഹിന്ദിയിലുൾപ്പെടെ നിരവധി നടിമാർ കുഞ്ഞുങ്ങളെ ദത്തെടുത്ത് സ്വന്തം മക്കളെ പോലെ വളർത്തുന്നു. അവരെല്ലാവരും ദത്തെടുക്കുന്നത് പെൺകുഞ്ഞുങ്ങളെയാണ്. ഒരുപക്ഷെ അനാഥത്വം കൂടുതൽ അനുഭവിക്കുന്നത് പെൺകുട്ടികളാണെന്ന് അവരെല്ലാം തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കും'- ആലപ്പി അഷ്‌റഫ് പറഞ്ഞു.