modi-and-putin

ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങിയതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കെതിരെ ഏർപ്പെടുത്തിയ അധിക തീരുവ റഷ്യയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. തീരുവകളെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് യുക്രെയ്‌നിലെ റഷ്യൻ യുദ്ധതന്ത്രം വിശദീകരിക്കാൻ ആവശ്യപ്പെട്ടെന്നും റുട്ടെ അവകാശപ്പെട്ടു. ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസമ്മേളനത്തിനിടെ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈ തീരുവ ഉടൻ റഷ്യയെ ബാധിക്കും. കാരണം ഇന്ത്യയിൽ നിന്ന് നരേന്ദ്ര മോദി റഷ്യയിലുള്ള വ്ളാഡിമിർ പുടിനെ ഫോണിൽ വിളിക്കുന്നുണ്ടാവും. 'ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ നിലവിൽ യുഎസ് എനിക്ക് 50ശതമാനം തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ്. നിങ്ങളുടെ യുദ്ധതന്ത്രം എന്താണെന്ന് വിശദീകരിക്കാമോ' എന്ന് മോദി പുടിനോട് ചോദിക്കുകയായിരിക്കുമെന്നും റുട്ടെ പറഞ്ഞു.

എന്നാൽ മാർക്ക് റുട്ടെയുടെ പ്രസ്താവനയോട് ഇന്ത്യയിൽ നിന്നോ റഷ്യയിൽ നിന്നോ ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. റഷ്യൻ എണ്ണ വാങ്ങുന്നതിന് ശിക്ഷാ നടപടിയെന്നോണമാണ് കഴിഞ്ഞ മാസം ട്രംപ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം പ്രതികാര തീരുവയും അധികമായി 25ശതമാനം പിഴ തീരുവയും ഏർപ്പെടുത്തിയിരുന്നത്.

അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരെ സമാനമായ തീരുവകൾ പ്രഖ്യാപിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രെയ്‌നിലെ റഷ്യൻ ആക്രമണങ്ങൾക്ക് ഇന്ധനം നൽകുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു.

സെപ്തംബർ 17ന് പ്രധാനമന്ത്രി മോദിയുടെ 75-ാം പിറന്നാളിനാണ് മോദിയും പുടിനും അവസാനമായി ഫോണിൽ സംസാരിച്ചത്. യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണ മോദി ആവർത്തിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

നേരത്തെ സെപ്തംബർ ഒന്നിന് ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്ക് ശേഷം ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ഇരുവരും ഒരേ വാഹനത്തിൽ ഒരുമിച്ചു യാത്രയും ചെയ്തിരുന്നു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 മുതൽ 100 ​​ശതമാനം വരെ തീരുവ ചുമത്താനും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പൂർണ്ണമായും നിർത്താനും നാറ്റോ രാജ്യങ്ങളോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

സെപ്തംബർ 13ന് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. നാറ്റോ രാജ്യങ്ങളെല്ലാം റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനും സമാനമായ ഉപരോധങ്ങൾ ഏർപ്പെടുത്താനും തയ്യാറായാൽ റഷ്യക്കെതിരെ വലിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ താൻ തയ്യാറാണെന്നും ട്രംപ് അറിയിച്ചു. നാറ്റോ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന ട്രംപിന്റെ അഭിപ്രായത്തോട് മാർക്ക് റുട്ടെയും യോജിച്ചു.

ട്രംപിന്റെ തീരുവ ഭീഷണിക്കിടെ, കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ന്യൂയോർക്കിൽ യുഎസ് ഉദ്യോഗസ്ഥരുമായി വ്യാപാര ചർച്ചകൾ നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകളും ഡൽഹിയിൽ നടന്നു.

മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് സെപ്തംബർ 10ന് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ചകൾ നടന്നത്. ഇതിനോട് പ്രതികരിച്ച പ്രധാനമന്ത്രി മോദി, ഇന്ത്യ-യുഎസ് പങ്കാളിത്തം അനന്തമായ സാദ്ധ്യതകൾ തുറക്കുന്നതിൽ വ്യാപാര ചർച്ചകൾ നിർണായകമാകുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നു.