2024yr4

ഭൂമിക്ക് ഭീഷണിയായി എട്ട് വർഷത്തിനകം ഒരു ഛിന്നഗ്രഹം വരുന്നതായി കഴിഞ്ഞവർഷം ശാസ്‌ത്രലോകം പ്രഖ്യാപനം നടത്തിയിരുന്നു. 2024 വൈആർ4 എന്ന പേരിലുള്ള ഛിന്നഗ്രഹം എ‌ന്നാൽ‌ പിന്നീട് ഭൂമിക്ക് ഭീഷണിയല്ല എന്ന് കണ്ടെത്തി. പക്ഷെ 60 മീറ്റർ വീതിയുള്ള ഈ ഛിന്നഗ്രഹം 2032ഓടെ ചന്ദ്രനിൽ വന്നിടിക്കും എന്നാണ് ഇപ്പോൾ നിഗമനം. ഭൂമിയിൽ നിന്ന് കാണാവുന്ന തരം ഉൽക്കാവർഷം ഉണ്ടാക്കുന്നൊരു കൂട്ടിയിടിയാകും അത്. എന്നാൽ കാഴ്‌ചയിലെ ഭംഗിയല്ല അതിന്റെ പ്രത്യാഘാതം കാരണമുണ്ടാകുക. ചന്ദ്രനിൽ കൂട്ടിയിടിച്ചാൽ ടൺ കണക്കിന് അവശിഷ്‌ടങ്ങൾ പുറത്തേക്ക് തെറിക്കും. ഇത് ഭൂമിയിലടക്കം പ്രയാസവും സൃഷ്‌ടിക്കും.

അതിനാൽ 2024 വൈആർ4നെ തകർത്തുകളയുക എന്ന ലക്ഷ്യമാണ് ശാസ്‌ത്രലോകത്തിന് ഇപ്പോഴുള്ളത്. ഭൂമിയിലേക്കും ചന്ദ്രനിലേക്കും വരാതെ ഇതിനെ വഴിതിരിച്ചുവിടാനാണ് ആദ്യം ശ്രമിച്ചിരുന്നത്. പിന്നീട് ഇതിനെ തകർക്കുന്നതിനാണ് ഇപ്പോൾ ആലോചിക്കുന്നത്. 2028ൽ ഭൂമിക്കും ചന്ദ്രനും സമീപത്തുകൂടി ഛിന്നഗ്രഹം കടന്നുപോകുന്നുണ്ട്. ഈ സമയം ഇതിന്റെ സഞ്ചാരപാത, അപകടസാദ്ധ്യത ഇവയെല്ലാം പഠിക്കാം എന്നാണ് ശാസ്‌ത്രജ്ഞർ കരുതുന്നത്. ആണവായുധങ്ങളുപയോഗിച്ച് ഛിന്നഗ്രഹത്തെ തകർക്കുന്നതും ആലോചനയിലുണ്ട്. എട്ട് പതിറ്റാണ്ട് മുൻപ് ജപ്പാനിലെ നാഗാസാക്കിയിലും ഹിരോഷിമയിലും ഉപയോഗിച്ച ആണവ ബോംബുകളെക്കാൾ അഞ്ച് മുതൽ എട്ട് ഇരട്ടി വലിയ സ്‌ഫോടനമാകും ഇതിലൂടെ ഉണ്ടാകുക.

ഛിന്നഗ്രഹത്തിനെ ഏതെങ്കിലും വസ്‌തു കൊണ്ട് ഇടിച്ച് ദിശമാറ്റുന്ന ആലോചനയുണ്ടായിരുന്നു ആദ്യമുണ്ടായിരുന്നത്. ഛിന്നഗ്രഹത്തിൽ ഒരു വസ്‌തുവിനെ ഇടിച്ചിറക്കുന്ന നാസയുടെ ഡാർട്ട് (ഡബിൾ ആസ്‌ട്രോയ്‌ഡ് റീഡയറക്‌ഷൻ ടെസ്‌റ്റ്) ദൗത്യത്തിന് സമാനമായിരുന്നു ഇത്. എന്നാൽ ഇങ്ങനെ ചെയ്‌താൽ 2024 വൈആർ4 ചന്ദ്രനിലേക്കെന്നതിന് പകരം ഭൂമിയിലേക്ക് തന്നെ ദിശമാറി വന്നുപതിക്കുമോ എന്ന സംശയം ഉണ്ട്. അതിനാൽ അത് നല്ല ഐഡിയയല്ലെന്ന് നാസയുടെ ഗൊഡാർഡ് സ്‌പേസ് ഫ്ളൈറ്റ് സെന്ററിലെ ബ്രെന്റ് ബാർബി പറയുന്നു.

ചന്ദ്രനിൽ ഛിന്നഗ്രഹം ഇടിച്ചുണ്ടാകുന്ന പൊടിപടലങ്ങൾ ഭൂമിയിൽ നിന്ന് നാം അയച്ച ഉപഗ്രഹങ്ങൾക്കും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിനും അപകടം വരുത്തും എന്ന കണക്കുകൂട്ടലാണ് ഛിന്നഗ്രഹത്തെ അതിനുമുൻപുതന്നെ നശിപ്പിക്കാൻ വിദഗ്ദ്ധരായ ശാസ്ത്രജ്ഞർ ആലോചിക്കാൻ കാരണം.