rishabh-pant

മുംബയ്: വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ ടീമിന്റെ മുഖ്യ സെലക്ടർ അജിത് അഗാർക്കർ. കാലിലെ പരിക്ക് പൂർണ്ണമായി ഭേദമാകാത്തതിനാലാണ് പന്ത് ടീമിൽ നിന്ന് പുറത്തായത്. പന്തിന്റെ അഭാവത്തിൽ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജയെ പരമ്പരയിലെ വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ട്.

പരിക്കേൽക്കുന്നതിന് മുമ്പ് തകർപ്പൻ ഫോമിലായിരുന്നു പന്ത്. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 68.42 ശരാശരിയിലും 77.63 സ്ട്രൈക്ക് റേറ്റിലും രണ്ട് സെഞ്ച്വറികളും മൂന്ന് അർദ്ധസെഞ്ച്വറികളും അടക്കം 479 റൺസാണ് അദ്ദേഹം നേടിയത്. പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ആറാമത്തെ താരമായിരുന്നു പന്ത്.

നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് താരം ക്രിസ് വോക്സിന്റെ യോർക്കർ വലതുകാലിൽ കൊണ്ടതിനെ തുടർന്നാണ് പന്തിന് പരിക്കേൽക്കുന്നത്. കാൽ ഒടിഞ്ഞിട്ടും ക്രീസിലേക്ക് തിരിച്ചെത്തി ടീമിനെ 358 റൺസിലെത്തിക്കാൻ പന്ത് സഹായിച്ചിരുന്നു.

'ഋഷഭിനെ സംബന്ധിച്ചിടത്തോളം ഈ പരമ്പരയിൽ കളിക്കാൻ കഴിയില്ലെന്ന് ഉറപ്പാണ്. എങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ അദ്ദേഹം നൂറ് ശതമാനം ഫിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ സമയപരിധി ഇപ്പോൾ പറയാനാവില്ല, എന്നാൽ ഈ രണ്ട് ടെസ്റ്റ് മത്സരങ്ങൾ കഴിയുമ്പോഴേക്കും അദ്ദേഹം ഫിറ്റ് ആകാൻ സാദ്ധ്യതയുണ്ട്'.-അഗാർക്കർ കൂട്ടിച്ചേർത്തു.