
ന്യൂഡൽഹി: വിമാനയാത്രയ്ക്കിടയിലും ഹെൽമറ്റ് ധരിച്ച മനുഷ്യന്റെ വീഡിയോ വൈറലാകുന്നു. ഇന്ത്യയിലെ ഹെൽമറ്റ് മനുഷ്യൻ എന്നറിയപ്പെടുന്ന രാഘവേന്ദ്ര കുമാറിന്റെ വീഡിയോയാണ് വീണ്ടും ശ്രദ്ധേയമായിരിക്കുന്നത്. എയർഇന്ത്യ വിമാനത്തിൽ യാത്ര ചെയ്തപ്പോൾ സഹയാത്രികർ പകർത്തിയ ദൃശ്യങ്ങളും വീഡിയോകളുമാണ് പുറത്തുവന്നിരിക്കുന്നത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഒട്ടനവധി ക്യാമ്പെയിനുകൾ നടത്തിയിട്ടുളള ആക്ടിവിസ്റ്റാണ് രാഘവേന്ദ്ര കുമാർ.
ബൈക്ക് യാത്രയ്ക്കിടയിൽ ഹെൽമറ്റ് ധരിക്കേണ്ട ആവശ്യത്തെക്കുറിച്ചാണ് അദ്ദേഹം കൂടുതലായും സമൂഹത്തിലെത്തിക്കുന്നത്. ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ അവതാരകനായെത്തിയ കോൻ ബനേഗ ക്രോർപതി 17ൽ രാഘവേന്ദ്ര കുമാറിനെ ആദരിച്ചതും വാർത്തയായതാണ്. യാത്ര നടത്തുന്നതിനിടയിൽ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് അദ്ദേഹം എപ്പോഴും വിശദീകരിക്കാറുണ്ട്. റോഡിലൂടെ യാത്ര നടത്തിയാലും വിമാനത്തിൽ യാത്ര നടത്തിയാലും എല്ലാ കാര്യങ്ങളും ഒരുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്.
2104ൽ തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവത്തെ തുടർന്നാണ് രാഘവേന്ദ്ര ഈ മേഖലയിലേക്ക് കടന്നത്. രാഘവേന്ദ്രയുടെ റൂംമേറ്റും അടുത്ത സുഹൃത്തുമായ കൃഷ്ണ കുമാർ താക്കൂർ റോഡപകടത്തിൽ മരിച്ചിരുന്നു. ഹെൽമറ്റ് ധരിക്കാത്തതിനെ തുടർന്നാണ് കൃഷ്ണ കുമാറിന് ജീവൻ നഷ്ടമായത്. ഇത് രാഘവേന്ദ്രയെ വേദനിപ്പിച്ചു. അതോടെ സ്വന്തം സമ്പാദ്യത്തിൽ നിന്ന് ഹെൽമറ്റ് വാങ്ങി ഇരുചക്രവാഹനമുളളവർക്ക് നൽകുകയായിരുന്നു. ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ ഇനി ഒരു ജീവൻ പോലും പൊലിയരുതെന്ന വാശിയുളളതുകൊണ്ടാണ് ഇത്തരത്തിൽ ചെയ്തത്.
ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം ഹെൽമറ്റ് മാൻ ഒഫ് ഇന്ത്യ ഫൗണ്ടേഷന് രൂപം നൽകി. ഡൽഹി, കാൻപൂർ, ലക്നൗ. മീററ്റ്, നോയിഡ തുടങ്ങിയ നഗരങ്ങളിൽ പലതരത്തിലുളള ബോധവൽക്കരണ ക്ലാസുകളും ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയിലുടനീളമായി 65,000ൽ അധികം ഹെൽമറ്റുകളാണ് രാഘവേന്ദ്ര വിതരണം ചെയ്തത്. ഇത് അദ്ദേഹത്തിന് ദേശീയ അംഗീകാരം വരെ നേടിക്കൊടുത്തു.