
കൊച്ചി: പാര്‍ട്‌ണേഴ്‌സ് മീറ്റ് സംഘടിപ്പിച്ച് കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെഫോണ്‍. കൊച്ചി പിജിഎസ് വേദാന്തയില്‍ നടന്ന സിനെര്‍ജി സമ്മിറ്റ് എന്ന പരിപാടിയില്‍ കേരളത്തിലുടനീളമുള്ള കൂടുതൽ കണക്ഷനുകൾ സ്വായക്തമാക്കിയ 300ലധികം ഓപ്പറേറ്റര്‍മാര്‍ പങ്കെടുത്തു. വ്യത്യസ്ത ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമുള്ള ഒരു വേദിയായും, ഒപ്പം പങ്കാളികളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുവാനും ലക്ഷ്യമിട്ടാണ് കെഫോണ്‍ പാര്‍ട്‌ണേഴ്‌സ് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. 100ലേറെ കണക്ഷനുകള്‍ നല്‍കുന്ന ഓപ്പറേറ്റര്‍മാരാണ് പാര്‍ട്‌ണേഴ്‌സ് മീറ്റില്‍ പങ്കെടുത്തത്.
2026 കഴിയുന്നതോടെ കെഫോണിന് 2.5 ലക്ഷം ഉപഭോക്താക്കളെന്ന 'ലക്ഷ്യ 250K' പ്രഖ്യാപനമായിരുന്നു സിനെര്‍ജി സമ്മിറ്റിന്റെ പ്രധാന സവിശേഷത. ഓരോ വിഭാഗങ്ങളിലുമായി മികച്ച സേവനം ഉറപ്പാക്കിയ ഓപ്പറേറ്റര്‍മാരെ ചടങ്ങില്‍ അനുമോദിച്ചു. കൂടാതെ ഓരോ ജില്ലകളിലും മികച്ച പ്രകടനം കാഴ്ചവച്ച ഓപ്പറേറ്റര്‍മാര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും നല്‍കി. കെഫോണിന്റെ വളര്‍ച്ചയില്‍ ഓരോ ഓപ്പറേറ്റര്‍മാരുടേയും പങ്ക് ഏറെ പ്രശംസയര്‍ഹിക്കുന്നു.
2026 ആകുമ്പോഴേക്കും 2.5 ലക്ഷം ഉപഭോക്താക്കളെ നേടുക എന്നതാണ് കെഫോണിന്റെ പ്രധാന ലക്ഷ്യം. ഇത് മുന്‍നിര്‍ത്തിയാണ് കെഫോണിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുമെന്ന് കെഫോണ്‍ ചീഫ് സെയിൽസ് ഓഫീസർ (സി.എസ്.ഒ) ബില്‍സ്റ്റിന്‍ ഡി ജിയോ ചടങ്ങില്‍ പറഞ്ഞു. ഈ ലക്ഷ്യത്തിലേക്കെത്തുന്നതിനായി ഓരോ പങ്കാളികളുടേയും പൂര്‍ണ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ സംസ്ഥാനത്ത് ഏകദേശം 3,000ലേറെ ലോക്കല്‍ നെറ്റുവര്‍ക്ക് പ്രൊവൈഡര്‍മാര്‍ കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുന്നതിനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളിലാണ് കെഫോണ്‍.