
എല്ലാ വർഷവും സെപ്‌തംബർ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ഹൃദയാരോഗ്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം. 'Don't miss a beat' എന്ന വിഷയമാണ് ഈ വർഷത്തെ ലോക ഹൃദയ ദിന പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ ഹൃദയമിടിപ്പിന്റെയും പ്രാധാന്യത്തെപ്പറ്റിയും അത് സംരക്ഷിക്കുന്നതിനായി സ്വീകരിക്കേണ്ട പ്രതിരോധ മാർഗ്ഗങ്ങൾ, സമയ ബന്ധിതമായ ഇടപെടൽ, ചികിത്സാരീതികൾ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് ഈ പ്രമേയത്തിലൂടെ ഉദ്ദേശിക്കുന്നത്. ഹൃദയാരോഗ്യത്തിന് പ്രാധാന്യം നൽകാതെയുള്ള ജീവിതരീതി മരണത്തിലേക്ക് പോലും നയിക്കാം എന്നുള്ള വസ്തുത മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
അടുത്തിടെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ജിം പോലുള്ള സ്ഥലങ്ങളിൽ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിനിടെ ചെറുപ്പക്കാർ കുഴഞ്ഞു വീണ് മരണം സംഭവിക്കുന്നത്. ഇത് സമൂഹത്തിൽ വളരെയധികം ആശങ്കാജനകമായ ഒരു സാഹചര്യമാണ്. സമൂഹമാധ്യമങ്ങളിൽ ഇതനോടനുബന്ധിച്ച വീഡയോകൾ വരുമ്പോഴും വ്യക്തമാകുന്ന ഒരു കാര്യം എന്തെന്നാൽ ഇവരിൽ ഒട്ടുമിക്ക ആൾക്കാരും കാഴ്ചയിൽ ആരോഗ്യവാന്മാരാണ് എന്നതാണ്. ഹൃദ്രോഗം പ്രായമായവരെ മാത്രമല്ല ബാധിക്കുന്നത് എന്ന ഞെട്ടിക്കുന്ന ഒരു വസ്തുതയും ഈ ദാരുണമായ സംഭവങ്ങളിൽ നിന്നും മനസ്സിലാക്കാം. ചെറുപ്പക്കാരെ ഹൃദ്രോഗത്തലേക്ക് നയച്ചേക്കാവുന്ന അപകട ഘടകങ്ങൾ ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ, അമിതവണ്ണം, മാനസിക സമ്മർദ്ദം, മുൻകൂട്ടി കണ്ടുപിടിക്കാത്ത ഹൃദ്രോഗം എന്നിവയാണ്.
കഠിനമായ വ്യായാമങ്ങളിൽ ഏർപ്പെടുമ്പോൾ പരിചയസമ്പത്തുള്ള പരിശീലകരുടെ മേൽനോട്ടത്തിൽ കൃത്യമായ മാർഗ്ഗനിർദേശം പാലിച്ചുകൊണ്ട് മാത്രം ചെയ്യുക. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ വ്യായാമം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നുള്ളത് ശരിയാണ്. എന്നാൽ അത് സ്വന്തം പരിധി മനസ്സിലാക്കാതെ പ്രവർത്തിച്ചാൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
വ്യായാമം ചെയ്യുമ്പോൾ ഹൃദയത്തെ എങ്ങനെ സംരക്ഷിക്കാം?
ഹൃദയ സംരക്ഷണത്തിന് വ്യായാമം പോലെതന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഭക്ഷണരീതി. പുതുതലമുറയിൽ ആരോഗ്യകരമായ ഭക്ഷണരീതി പാലിക്കുന്നവർ വളരെ കുറവാണ്. എണ്ണ പലഹാരങ്ങൾ, ജങ്ക് ഫുഡ്, റെഡ്‌മീറ്റ്, കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ, പ്രോസസ്സ്ഡ് ഫുഡ് എന്നിവ പതയായി കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനു പകരം സാലഡുകളും ആവിയിൽ വേവിച്ച ഭക്ഷണങ്ങളും പരമാവധി വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ശീലമാക്കുക. ആഹാര രീതിയിൽ ശ്രദ്ധ ചെലുത്തുന്നതിലൂടെ രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കാൻ സാധിക്കുന്നു.
ഇത്തരം കാര്യങ്ങളൊക്കെ പാലിച്ച് ശരിയായ ബോധവൽക്കരണം ലഭിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സാധിക്കുന്നതനോടൊപ്പം സമൂഹത്തിൽ ഇന്ന് ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന മിഥ്യാധാരണകൾ മാറുന്നതിനും വഴിയൊരുക്കും. ഇതുകൂടാതെ ജീവിതശൈലിയിൽ കൊണ്ടുവരുന്ന ശരിയായ മാറ്റങ്ങൾ ആരോഗ്യകരമായ ഹൃദയമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
Dr. Praveen G. K.
Consultant Cardiologist
SUT Hospital, Pattom