icc-womens-world-cup

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഈ മാസം 30 മുതൽ

ബെംഗളുരു : ദുബായ്‌യിൽ ഏഷ്യാകപ്പ് പുരുഷ ക്രിക്കറ്റ് അവസാനിക്കുമ്പോൾ ഇന്ത്യയിൽ വനിതാ ഏകദിന ലോകകപ്പിന് തുടക്കമാകും. ഈ മാസം 30നാണ് ഇന്ത്യ മുഖ്യ ആതിഥേയരായ 13-ാമത് വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരിതെളിയുന്നത്. പാകിസ്ഥാന്റെയും ശ്രീലങ്കയുടേയും മത്സരങ്ങളുടെ വേദി ലങ്കയിലെ കൊളംബോയാണ്.

ഇന്ത്യ, ഇംഗ്ളണ്ട്, ഓസ്ട്രേലിയ,ബംഗ്ളാദേശ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക,ന്യൂസിലാൻഡ്, പാകിസ്ഥാൻ എന്നിങ്ങനെ എട്ടുരാജ്യങ്ങളാണ് ലോകകപ്പിൽ മത്സരിക്കുന്നത്. ഗ്രൂപ്പ് റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടി പോയിന്റ് നിലയിൽ മുന്നിലെത്തുന്ന നാലു ടീമുകൾ സെമിയിൽ പ്രവേശിക്കുന്ന രീതിയിലാണ് ടൂർണമെന്റിന്റെ ഫോർമാറ്റ്. ഒക്ടോബർ 29, 30 തീയതികളിലാണ് സെമിഫൈനലുകൾ. ഫൈനൽ നവംബർ രണ്ടിന്. നവി മുംബയ്, ഗോഹട്ടി,വിശാഖപട്ടണം,ഇൻഡോർ, കൊളംബോ എന്നിവയാണ് ലോകകപ്പ് വേദികൾ. ആദ്യം ബംഗളുരുവാണ് മത്സരവേദിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ആർ.സി.ബിയുടെ വിജയാഹ്ളാദത്തിനിടയിലെ ദുരന്തം കാരണം വേദി മാറ്റേണ്ടിവന്നു. ഇവിടെ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ കാര്യവട്ടത്തേക്ക് മാറ്റാൻ നീക്കം നടന്നെങ്കിലും നവി മുംബയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

സെപ്തംബർ 30ന് ഗോഹട്ടിയിൽ ശ്രീലങ്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ 5ന് കൊളംബോയിലാണ് ഇന്ത്യ - പാകിസ്ഥാൻ മത്സരം. ലോകകപ്പിന് മുന്നോടിയായി കഴിഞ്ഞദിവസം നടന്ന സന്നാഹമത്സരത്തിൽ ഇന്ത്യ ഇംഗ്ളണ്ടിൽ നിന്ന് കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. ഈ മത്സരത്തിൽ ആൾറൗണ്ടർ അരുന്ധതി റെഡ്ഡിക്ക് കാൽമുട്ടിന് പരിക്കേറ്റതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. നാളെ ന്യൂസിലാൻഡിനെതിരെയാണ് അടുത്ത സന്നാഹമത്സരം.

ഇന്ത്യയുടെ മത്സരങ്ങൾ

സെപ്തംബർ 30,ഗോഹട്ടി

Vs ശ്രീലങ്ക

ഒക്ടോബർ 5,കൊളംബോ

Vs പാകിസ്ഥാൻ

ഒക്ടോബർ 9, വിശാഖപട്ടണം

Vs ദക്ഷിണാഫ്രിക്ക

ഒക്ടോബർ 12, വിശാഖപട്ടണം

Vs ഓസ്ട്രേലിയ

ഒക്ടോബർ 19, ഇൻഡോർ

Vs ഇംഗ്ളണ്ട്

ഒക്ടോബർ 23, നവി മുംബയ്

Vs ന്യൂസിലാൻഡ്

ഒക്ടോബർ 26, നവി മുംബയ്

Vs ബംഗ്ളാദേശ്

ഓസ്ട്രേലിയയാണ് നിലവിലെ വനിതാ ലോകകപ്പ് ചാമ്പ്യന്മാർ.

7 തവണ ഓസ്ട്രേലിയ വനിതാ ലോകകപ്പ് ഉയർത്തിയിട്ടുണ്ട്.

ഇംഗ്ളണ്ട് നാലുതവണയും കിവീസ് ഒരു തവണയും ജേതാക്കളായി.

ഇന്ത്യയ്ക്ക് ഇതുവരെയും വനിതാ ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ല.

12 വർഷത്തിന് ശേഷമാണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പിന് വേദിയാകുന്നത്.2005ലും 2017ലും റണ്ണേഴ്സ് അപ്പായതാണ് ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനം.