
തിരുവനന്തപുരം: ഒറ്റരാത്രികൊണ്ട് വെള്ളത്തിലായിരിക്കുകയാണ് നഗരത്തിലെ റോഡുകൾ. ഇന്നലെ പെയ്ത മഴയിൽ കളിപ്പാൻകുളം റോഡ് പൂർണമായും വെള്ളത്തിനടിയിലായി. റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുൾപ്പെടെ വെള്ളത്തിൽ മുങ്ങി.
ഒലിച്ചുപോകാൻ ഇടമില്ലാത്തതിനാൽ നിമിഷങ്ങൾക്കകം തന്നെ വെള്ളക്കെട്ടുണ്ടാവുകയായിരുന്നു. എതിർവശങ്ങളിലെ വീടിന്റെ ഗേറ്റുകൾ പോലും തുറക്കാൻ കഴിയാത്ത സാഹചര്യം.
കളിപ്പാൻകുളം റസിഡന്റ്സ് ഏരിയായിൽ ഓട നിർമ്മാണം നടക്കുന്നതിനാൽ വെള്ളം ഒഴുകിപ്പോകാനുള്ള സവിധാനമില്ല. മാസങ്ങളായി നീളുന്ന ഓട നിർമ്മാണം പ്രദേശവാസികളെ വലയ്ക്കുകയാണ്.
കുര്യാത്തി സ്കൂൾ റോഡും വെള്ളത്തിൽ മുങ്ങി. ഒറ്റരാത്രിയിൽ പെയ്ത മഴ റോഡിനെ പൂർണമായും മുക്കി. രാവിലെ വരെ വെള്ളം താഴാതിരുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. കാൽനടയാത്രക്കാരാണ് ഏറെ പ്രയാസത്തിലായത്.ഇവിടെ ഓടകൾ അടഞ്ഞുകിടന്നതിനാലാണ് വെള്ളം ഒഴുകിപ്പോകാതെ കെട്ടിനിന്നത്. ഇരുചക്ര വാഹനത്തിൽ വന്നവരുടെ കാൽ പൂർണമായി വെള്ളത്തിൽ മുങ്ങി പോകുന്ന അവസ്ഥയിലായിരുന്നു.