
തിരുവനന്തപുരം : നടൻ മധുവിനു പിറന്നാളാശംസകൾ നേർന്ന് ഗായകൻ ജി.വേണുഗോപാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ വേണുഗോപാലിനു മറുപടിയുമായി മധുവിന്റെ മകൾ ഉമ ജയലക്ഷ്മി. വേണുഗോപാലിന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ലെന്നും അതിനു ഉചിതമായ മറുപടിയാണ് ശ്രീകുമാരൻ തമ്പി എഴുതിയതെന്നും ഉമ പറയുന്നു.
‘അന്തസ്സോടെ 92 വർഷം ജീവിച്ചയാളിനെ ഇങ്ങനെ വേണുഗോപാൽ തരം താഴ്‌ത്തി കണ്ടപ്പോൾ വലിയ ദുഃഖം തോന്നി. ഞാൻ അതിനു മറുപടിയായി ഒരു പോസ്റ്റ് ഇടണം എന്നാലോചിച്ചു. അപ്പോഴാണ് തമ്പിയങ്കിളിന്റെ പ്രതികരണം കണ്ടത്. എനിക്ക് പറയാൻ കഴിയുന്നതിനേക്കാൾ ഭംഗിയായി അച്ഛനെ ഏറ്റവും അടുത്തറിയാവുന്ന തമ്പി അങ്കിൾ എഴുതി. അദ്ദേഹത്തിന്റെ മകൾ എന്ന നിലയ്ക്ക് ഒരു കാര്യം എനിക്ക് ഉറപ്പായും പറയാൻ കഴിയും. വേണുഗോപാലിന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ല.’’–ഉമ ജയലക്ഷ്മിയുടെ വാക്കുകൾ.
മധുവിന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും സാമ്പത്തികാവസ്ഥയെക്കുറിച്ചും വേണുഗോപാൽ എഴുതിയതാണ് വിവാദമായി മാറിയത്. വേണുഗോപാൽ എഴുതിയത് ശുദ്ധ അസംബന്ധമാണെന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ വിമർശനം. അടുത്ത ബന്ധുക്കളും വേണ്ടപ്പട്ടവരും നടൻ മധുവിനെ ശ്രദ്ധിക്കുന്നില്ല എന്ന ഒരു ധ്വനി വേണുഗോപാലിന്റെ പോസ്റ്റിലുണ്ട്. വേണുഗോപാൽ പറഞ്ഞിരിക്കുന്ന മറ്റൊരു അസത്യം മധു ചേട്ടൻ സിനിമയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ സ്വത്തുക്കൾ എല്ലാം വിറ്റു തുലച്ചു എന്നതാണ്. എന്നാൽ മധുച്ചേട്ടൻ സിനിമയ്ക്ക് വേണ്ടി ഒരു സെന്റ് ഭൂമി പോലും നഷ്‌ടപ്പെടുത്തിയിട്ടില്ല. മറിച്ച് സിനിമ അദ്ദേഹത്തിന് നേട്ടങ്ങളേ നൽകിയിട്ടുള്ളൂവെന്നും ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ്.
ശ്രീകുമാരൻ തമ്പിയുടെ പോസ്റ്റിനു താഴെ വേണുഗോപാലും കമന്റുമായി എത്തിയിരുന്നു.
‘അഭിവന്ദ്യനായ നടൻ മധുസാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ ഞാൻ എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ എഴുതിയ ചില പരാമർശങ്ങൾ തെറ്റായിരുന്നുവെന്ന് ആദരണീയനും ഗുരുസ്ഥാനീയനുമായ ശ്രീകുമാരൻ തമ്പി സാർ ചൂണ്ടിക്കാട്ടിയതിനെ മാനിച്ചുകൊണ്ട് എന്റെ ഫേസ്ബുക് പോസ്റ്റിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. വളരെ ഉദ്ദേശശുദ്ധിയോടെ ഇട്ട പോസ്റ്റായിരുന്നുവെങ്കിലും അതിൽ മധുസാറിനോ കുടുംബത്തിനോ തമ്പിസാറിനോ മറ്റാർക്കെങ്കിലുമോ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു’ എന്നാണ് വേണുഗോപാൽ കമന്റിട്ടത്.
വിമർശനത്തിന് പിന്നാലെ ശ്രീകുമാരൻ തമ്പി ചൂണ്ടിക്കാട്ടിയ ഭാഗങ്ങൾ വേണുഗോപാൽ പോസ്റ്റിൽനിന്നും പൂർണമായി ഒഴിവാക്കുകയും ചെയ്തു.