shehbaz-sharif

ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് ശക്തമായ മറുപടി നൽകി ഇന്ത്യ. "അസംബന്ധ നാടകങ്ങൾ" എന്നാണ് ഷെരീഫിന്റെ പരാമർശങ്ങളെ ഇന്ത്യ വിശേഷിപ്പിച്ചത്. 'പാകിസ്ഥാന്റെ ഒരു നാടകത്തിനും യാഥാർത്ഥ്യങ്ങളെ മറച്ചുവയ്‌ക്കാനാവില്ല" എന്നും മറുപടി പ്രസംഗത്തിൽ ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്‌ലോട്ട് പറഞ്ഞു. പാകിസ്ഥാന്റെ വിദേശനയത്തിന്റെ കാതലായ ഭീകരവാദത്തെ വീണ്ടും മഹത്വവൽക്കരിക്കുന്ന കാഴ്ചയാണ് അസംബ്ലിയിൽ കണ്ടതെന്നും അവർ വിമർശിച്ചു. പാകിസ്ഥാന്റെ ഭീകരവാദ ചരിത്രവും ഗഹ്‌ലോട്ട് ചൂണ്ടിക്കാട്ടി .

"ഒരു നാടകത്തിനും എത്ര വലിയ നുണകൾക്കും വസ്തുതകളെ മറച്ചുവയ്‌ക്കാനാവില്ല. ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ 'റെസിസ്റ്റൻസ് ഫ്രണ്ട്' എന്ന പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരസംഘടനയെ, 2025 ഏപ്രിൽ 25ന് യുഎൻ രക്ഷാസമിതിയിൽ വച്ച് സംരക്ഷിക്കാൻ ശ്രമിച്ച അതേ പാകിസ്ഥാനാണ് ഇത്", ഗഹ്‌ലോട്ട് പറഞ്ഞു.

'വർഷങ്ങളായി ഭീകരവാദത്തെ വളർത്തുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യം ഇത്രയും വിചിത്രമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ അത്ഭുതമില്ല. ഒസാമ ബിൻ ലാദനെ ഒരു പതിറ്റാണ്ടോളം സംരക്ഷിക്കുകയും അതേസമയം തന്നെ ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ പങ്കാളിയായി അഭിനയിക്കുകയും ചെയ്ത രാജ്യമാണിത്. തങ്ങൾ പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് അവരുടെ മന്ത്രിമാർ അടുത്തിടെ സമ്മതിച്ച കാര്യവും ഈ വേളയിൽ ഓർക്കണം. ഈ ഇരട്ടത്താപ്പ് പ്രധാനമന്ത്രിയുടെ തലത്തിൽ പോലും തുടരുന്നതിൽ ഒട്ടും അതിശയിക്കേണ്ടതില്ല'- പെറ്റൽ ഗഹ്‌ലോട്ട് കൂട്ടിച്ചേർത്തു.

സിന്ധു നദീജല കരാർ ഏകപക്ഷീയമായി നിർത്തിവയ്‌ക്കാനുള്ള ഇന്ത്യയുടെ ശ്രമം കരാറിലെ വ്യവസ്ഥകളുടെയും രാജ്യാന്തര നിയമങ്ങളുടെയും ലംഘനമാണെന്നാണ് ഷഹബാസ് നേരത്തേ പറഞ്ഞിരുന്നത്. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്ന 'സമാധാനത്തിന്റെ വക്താവാണ് ' അമേരിക്കൻ പ്രസിഡന്റ് ട്രംപ് എന്ന് വിശേഷിപ്പിച്ച പാക് പ്രധാനമന്ത്രി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അദ്ദേഹം പരിഹരിച്ചുവെന്നും പുകഴ്‌ത്തിയിരുന്നു.