car

കോഴിക്കോട് : പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം കാറിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വൻ വഴിത്തിരിവ്. അപകടത്തില്‍ പ്രതിയായ കാര്‍ ഡ്രൈവർ വ്യാജ ചികിത്സയ്ക്ക് അറസ്റ്റിലായ ആളാണെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ പ്രതിയായ താനൂർ സ്വദേശി എം.പി റിയാസ് ഇപ്പോള്‍ ജാമ്യത്തിലാണ്. നഴ്സായ ഇയാൾ മലപ്പുറത്ത് ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ഡോക്ടറായിരുന്നു എന്നായിരുന്നു അപകടത്തിന് പിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ടുകളും. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറോടിച്ചിരുന്നത് വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്.

ഇക്കഴിഞ്ഞ 25ന് രാവിലെ ആറരയോടെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ബ്ലൂ ഡയമണ്ട് മാളിന് മുന്‍വശത്തായിരുന്നു അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ വയോധികനെയും യുവതിയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. യുവതി പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും വയോധികന്‍ മരിച്ചു. 72 വയസുള്ള നടുവണ്ണൂര്‍ സ്വദേശി ഗോപാലനാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന രണ്ട് പേരെയും നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്നത് താനൂർ സ്വദേശി എം.പി റിയാസായിരുന്നു. അപകട സമയത്ത് പരസ്പര ബന്ധമില്ലാത്ത രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റം. മനഃപൂര്‍വമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.