car

മലയാള സിനിമ ലോകത്ത് ഏറ്റവും വാഹനക്കമ്പമുള്ള നടൻ ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണുള്ളൂ. മെഗാ സ്റ്റാർ മമ്മൂട്ടി. അത്രയേറെ വാഹന കളക്ഷനുകളാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്. മകൻ ദുൽഖറും അക്കാര്യത്തിൽ പിന്നിലല്ല. തീരുവ അടയ്ക്കാതെ വിദേശത്ത് നിന്നും കള്ളക്കടത്തായി കൊണ്ടുവന്നെന്ന് സംശയിക്കുന്ന വാഹനങ്ങൾക്കായി കസ്റ്റംസ് റെയ്ഡ് ആരംഭിച്ചതോടെയാണ് ദുൽഖറിന്റെ വാഹനക്കമ്പം വീണ്ടും വാർത്തകളിൽ നിറഞ്ഞത്. കള്ളക്കടത്ത് വാഹനമാണെന്ന് സംശയത്തെത്തുടർന്ന് ദുൽഖറിന്റെ രണ്ട് കാറുകളാണ് കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നത്. ഒരിക്കലും നികുതിവെട്ടിച്ച് ഒരു ക്ലാസിക്ക് വാഹനം തന്റെ ഗ്യാരേജിൽ കൊണ്ടിടേണ്ട അവസ്ഥ ദുൽഖറിനില്ലെന്ന്, അദ്ദേഹത്തിനെ അറിയാവുന്നവർക്ക് കൃത്യമായി ബോദ്ധ്യമുണ്ട്. അതുകൊണ്ട് നിസംശയം പറയാം, ദുൽഖർ ഇവിടെ പറ്റിക്കപ്പെട്ടതാണെന്ന്. ക്ലാസിക് വാഹനങ്ങൾ വാങ്ങുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്? അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം...

എന്താണ് ക്ലാസിക് കാറുകൾ?
25 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ളതിനെയാണ് ക്ലാസിക് വാഹനങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ പ്രായം മാത്രമല്ല വാഹനങ്ങളെ ക്ലാസിക് ആക്കുന്നത്. കൃത്യമായ മാനദണ്ഡമൊന്നും ക്ലാസിക് കാറുകൾക്കില്ല. ക്ലാസിക് കാർ ക്ലബ്ബ് ഓഫ് അമേരിക്ക പോലുള്ള സംഘടനകൾ ഇതിനായി പട്ടിക തന്നെ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് എത്തിയാൽ ഫോർഡ് മസ്റ്റാങ്, പ്രീമിയർ പദ്മിനി, മെഴ്സിഡസ് ബെൻസ് 300 എസ്എൽ, ബെന്റ്ലി, പോർഷെ, ബിഎംഡബ്ല്യു എം3 ഇ30 എന്നിവ ഇന്ത്യയിലെ അറിയപ്പെടുന്ന ക്ലാസിക് കാറുകളിൽ ചിലതാണ്.

ക്ലാസിക് കാറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുതലാണെങ്കിലും വാങ്ങുന്നവർ ചുരുക്കമാണ്. ഇത്തരം വാഹനങ്ങളിൽ പുറത്തിറങ്ങുമ്പോൾ ലഭിക്കുന്ന രാജകീയത തന്നെയാണ് അതിന് കാരണം. ഇന്ത്യയിലാകട്ടെ കോടീശ്വരന്മാരും സെലിബ്രിറ്റികളും മാത്രമേ ക്ലാസിക് കാറുകൾക്ക് പിന്നാലെ പോകുന്നുള്ളൂ. മറ്റൊരു തരത്തിൽ ചിന്തിച്ചാൽ ക്ലാസിക് കാറുകൾക്ക് നൽകുന്ന പണം ഒരു തരത്തിൽ നിക്ഷേപമാണെന്ന് പറയാം. നമ്മൾ വാങ്ങിയ പണത്തേക്കാൾ കൂടുതൽ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. ക്ലാസിക് കാറുകൾ നഷ്ടമുണ്ടാക്കുന്നത് ചുരുക്കം ചില അവസരങ്ങളിൽ മാത്രമാണ്.

എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
1, കാറുകളെക്കുറിച്ച് മനസിലാക്കുക
ഒരു ക്ലാസിക് വാഹനം സ്വന്തമാക്കുന്നതിന് മുമ്പ് ഈ വിഭാഗത്തെക്കുറിച്ച് കൃത്യമായി മനസിലാക്കണം. അതിനായി ക്ലാസിക്, വിന്റേജ് കാറുകളുടെ എക്സിബിഷൻ, കാർ ഷോ എന്നിവയിൽ പങ്കെടുക്കുക. ഇവിടെ നിങ്ങൾക്ക് പരിചയസമ്പന്നരായ ക്ലാസിക് കാർ ഉടമകളുമായി ആശയവിനിമയം നടത്താനും ക്ലാസിക് കാറിനെക്കുറിച്ച് വിശദമായ അറിവ് നേടാനും കഴിയും. നിങ്ങളുടെ ബജറ്റും മറ്റ് അനുബന്ധ ചെലവുകളും കണക്കിലെടുത്ത് ഏതൊക്കെ കാറുകൾ തിരഞ്ഞെടുക്കാമെന്ന വിലപ്പെട്ട ഉപദേശം നൽകാനും ഈ കാർ ഉടമകൾക്ക് കഴിയും.

2, സാമ്പത്തിക കാര്യങ്ങളിൽ വ്യക്തമായ ധാരണ
ഒരു ക്ലാസിക് കാർ വാങ്ങുക എന്നത് നിക്ഷേപം പോലെയാണ്. പുതിയ കാറുകളേക്കാൾ എന്നും വില കൂടുതലാണ് ക്ലാസിക്കുകൾക്ക്. വായ്പ ഉപയോഗിച്ചാണ് വാഹനം സ്വന്തമാക്കുന്നതെങ്കിൽ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉയർന്ന പലിശ നിരക്കാണ് ഈടാക്കുക. നിക്ഷേപ ആവശ്യങ്ങൾക്കായിട്ടാണോ അല്ലെങ്കിൽ നിങ്ങളുടെ കാർ ശേഖരത്തിൽ കൂട്ടിച്ചേർക്കലായിട്ടാണോ നിങ്ങൾ ഒരു ക്ലാസിക്ക് കാർ വാങ്ങുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ലാഭമുണ്ടാക്കാനാണെങ്കിൽ അതിനായി ദീർഘകാലം പരിപാലിക്കാനും കാത്തിരിക്കാനുമുള്ള മനസുണ്ടാകണം.

3, യഥാർത്ഥ ബിൽ
നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള വാഹനം തിരഞ്ഞെടുത്താൽ ഓട്ടോമൊബൈൽ ഡീലറിൽ നിന്നോ ഉടമയിൽ നിന്നോ വാങ്ങിയതിന്റെ യഥാർത്ഥ ബിൽ ശേഖരിക്കുക. ഈ ബില്ലിലൂടെ, കാറിന്റെ യഥാർത്ഥ വില, ഇൻഷുറൻസ് വിശദാംശങ്ങൾ, ആക്സസറികളുടെ വില, നിബന്ധനകളും വ്യവസ്ഥകളും, വിൽപ്പന നികുതി തുടങ്ങി നിരവധി പ്രധാന വിവരങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും. ഇതോടൊപ്പം വാഹനത്തിന്റെ ആദ്യ ഉടമയുടെ വിശദാംശങ്ങളും ശേഖരിക്കേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന വാഹനമല്ലെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും. ഇതോടൊപ്പം വിൽപ്പനക്കാരനിൽ നിന്ന് ഒരു ക്ലാസിക്ക് കാർ വാങ്ങുന്നതിന് മുമ്പ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അവരുടെ പേരിലാണോ എന്ന് പരിശോധിക്കുക. മോഷ്ടിച്ച കാറുകൾ കൈവശം വച്ചിരിക്കുന്ന വ്യക്തികൾക്ക് ഈ സർട്ടിഫിക്കറ്റ് നൽകാൻ ബുദ്ധിമുട്ടുണ്ടാകുമെന്നതിനാൽ ഈ മുൻകരുതൽ നടപടി എപ്പോഴും നല്ലതാണ്.

4, കാറിന്റെ കണ്ടീഷൻ
ഏതൊരു വാഹനം വാങ്ങുമ്പോഴും ആദ്യം പരിഗണിക്കേണ്ടത് അതിന്റെ കണ്ടീഷനാണ്. കാറിന്റെ ടയറുകൾ, എഞ്ചിൻ, എക്സ്‌ഹോസ്റ്റ് പൈപ്പുകൾ, സെൻസറുകൾ, മറ്റ് ഭാഗങ്ങൾ എന്നിവയുടെ അവസ്ഥ ഇതിൽ ഉൾപ്പെടുന്നു. ഒരു വിന്റേജ് കാറിന്റെ ആരോഗ്യം പരിശോധിക്കുന്നത് വാഹനത്തിന് എത്ര തവണ അറ്റകുറ്റപ്പണി ആവശ്യമാണെന്ന് മനസ്സിലാക്കാൻ സഹായിക്കും.

5, പൊലീസ് വെരിഫിക്കേഷൻ
നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വാഹനത്തിന്റെ നമ്പർ പൊലീസ് വെരിഫിക്കേഷൻ ചെയ്യുന്നത് നല്ലതാണ്. ഈ വാഹനം യാതൊരുവിധ കുറ്റകൃത്യത്തിലും ഏർപ്പെട്ടിട്ടില്ലെന്ന് മനസിലാക്കാൻ സഹായിക്കുമെന്ന് റോഡ് സുരക്ഷ വിദഗ്ദൻ ഉപേന്ദ്ര നാരായണൻ കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു. കുറ്റകൃത്യത്തിൽ ഏർപ്പെട്ട വാഹനമാണ് നിങ്ങൾ വാങ്ങുന്നതെങ്കിലും ഭാവിയിൽ കേസോ നിയമനടപടികളോ നിങ്ങളുടെ പേരിൽ വന്നേക്കാം. കഴിയുന്നതും കേരളത്തിലുള്ളവർ സംസ്ഥാനത്തിന് പുറത്തുനിന്ന് വാഹനങ്ങൾ വാങ്ങാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.

6,ടെസ്റ്റ് ഡ്രൈവ്
നിങ്ങൾ സ്വന്തമാക്കുന്ന വാഹനം റണ്ണിംഗ് കണ്ടീഷനിലാണെന്ന് ഉറപ്പാക്കണം. വാഹനം സുഗമമായി ഓടുന്നുണ്ടോ ഇല്ലയോ എന്നത് പരിശോധിക്കാൻ ഒരു ടെസ്റ്റ് ഡ്രൈവ് ആവശ്യമാണ്. അതിനാൽ, വാങ്ങൽ അന്തിമമാക്കുന്നതിന് മുമ്പ് ഡീലറോടോ വിൽപ്പനക്കാരനോടോ കാറിന്റെ ടെസ്റ്റ് ഡ്രൈവ് ആവശ്യപ്പെടുക.