
ആലപ്പുഴ: വരാനിരിക്കുന്ന സ്‌കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മത്സരങ്ങളിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വകയായി 1000 രൂപ ഗ്രാൻഡ് നൽകുമെന്നും മന്ത്രി അറിയിച്ചു.
'ജനപങ്കാളിത്തത്തോടെ പരാതിരഹിതമായി കലോത്സവം സംഘടിപ്പിക്കുകയാണ് ലക്ഷ്യം. താമസം, ഭക്ഷണം തുടങ്ങിയവ കൃത്യമായി സജ്ജീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കലോത്സവത്തിന്റെ സ്വർണക്കപ്പ് തൃശൂരിൽ ആയതിനാൽ ഘോഷയാത്ര തിരുവനന്തപുരത്തുനിന്നും കാസർകോട് നിന്നും തൃശൂരിലേയ്ക്ക് എത്തുന്ന തരത്തിലാണ് ക്രമീകരിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. സ്‌കൂൾ കായികമേളയിൽ ഇത്തവണ പരിഷ്‌കരിച്ച മാനുവലായിരിക്കും നടപ്പാക്കുക. മത്സരയിനത്തിൽ കളരിപ്പയറ്റ് ഉൾപ്പെടുത്തും'- മന്ത്രി വ്യക്തമാക്കി.
അതേസമയം, കുട്ടികൾക്ക് ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ അദ്ധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിരവധി അപേക്ഷകൾ വന്നതിന്റെ പശ്ചാത്തലത്തിൽ പുനഃപരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എട്ടുപത്ത് വർഷം ജോലി ചെയ്തിട്ട് പിരിച്ചുവിടുന്നത് അനീതിയാണ്. വിഷയത്തിൽ വിദ്യാഭ്യാസ സെക്രട്ടറി വാസുകിയെ കൺവീനറായി ചുമതലപ്പെടുത്തി കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. ആധാറിന് പകരം കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് കൂടി പരിഗണിക്കാമെന്നത് നിർദേശിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.