vlogger

ലോക പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കേരളത്തിൽ സ്ഥിതി ചെയ്യുന്ന ശബരിമല. ഈ ക്ഷേത്രം സന്ദർശിക്കാൻ ചില പ്രത്യേക ആചാര അനുഷ്ഠാനങ്ങൾ ഭക്തർ അനുഷ്ഠിക്കാറുണ്ട്. 48 ദിവസത്തെ വ്രതം,​ കറുത്ത വസ്ത്രം,​ നഗ്നപാദം എന്നിവ അതിൽ പ്രധാനമാണ്. ഇപ്പോഴിതാ അയ്യപ്പഭക്തരോട് സംസാരിക്കുന്ന ഒരു വിദേശിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. യുഎസ് വ്ലോഗറായ ജെയ്യുടെ വീഡിയോയാണ് അത്. വീഡിയോ ചിത്രീകരിച്ച സ്ഥലവും സമയവും വ്യക്തമല്ല.

ശ്രീലങ്കയിൽ നിന്ന് കേരളത്തിലെത്തി ശബരിമല ദർശനം നടത്തിയ ഭക്തരുമായാണ് ജെയ് സംസാരിച്ചത്. കറുപ്പ് വസ്ത്രം ധരിച്ച കുറച്ചുപേരെ വഴിയിൽ കാണുമ്പോൾ എന്തിനാണ് നിങ്ങൾ കറുത്ത വസ്ത്രം ധരിച്ചിരിക്കുന്നതെന്ന് ജെയ് ചോദിക്കുന്നു. 'നിങ്ങൾക്ക് ശബരിമല അറിയാമോ?' എന്നാണ് അയ്യപ്പ ഭക്തരിൽ ഒരാൾ ജെയ്‌യോട് ചോദിക്കുന്നത്. അത് കേരളത്തിലെ ഒരു സ്ഥലമാണെന്നും അവിടെ കറുത്ത വസ്ത്രം ധരിച്ച് വേണം പോകാനെന്നും ഭക്തർ പറയുന്നു.

തീർത്ഥാടനവുമായി ബന്ധപ്പെട്ട സാംസ്കാരിക പാരമ്പര്യമാണിത്. 48 ദിവസം വ്രതമെടുത്ത് ചെരിപ്പ് ധരിക്കാതെ നടന്നു, കിടക്കയില്ലാതെ തറയിൽ കിടന്നും സസ്യാഹാരം മാത്രം കഴിച്ചുനടത്തിയ യാത്രക്കുറിച്ച് അയ്യപ്പ ഭക്തർ വ്ലോഗർക്ക് പറഞ്ഞുകൊടുക്കുന്നു. ശബരിമലയിലെ ചില വീഡിയോയും കാണിക്കുന്നുണ്ട്. പിന്നാലെ ഇത് ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ടതാണോയെന്ന് വ്ലോഗർ ചോദിക്കുന്നു. അതെയെന്നും തങ്ങളുടെ യാത്ര പൂർത്തിയായെന്നും 54 കിലോമീറ്റർ ദൂരം നഗ്നപാദരായി നടന്നുവെന്നും ഭക്തർ പറയുന്നു. വീഡിയോ.