sathyaraj

ചെന്നൈ: കരൂരിൽ ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ്‌യുടെ പ്രചാരണ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിൽ നടൻ സത്യരാജ് അനുശോചനം രേഖപ്പെടുത്തി. കൂടാതെ സംഭവത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.


തെറ്റ് അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ്. പിഴവ് അറിയാതെ സംഭവിക്കുന്നതും. തെറ്റ് ചെയ്തവർ പശ്ചാത്തപിക്കണം. പിഴവ് ആവർത്തിക്കാതെ നോക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ദുഃഖമുണ്ടെന്ന് വിജയ് ഇന്നലെ പ്രതികരിച്ചിരുന്നു. നടൻ ചെന്നൈയിലേക്ക് തിരിച്ചുപോയിരുന്നു.


അതേസമയം, പരിക്കേറ്റ 111 പേർ‌ ആശുപത്രിയിൽ ചികിത്സയിലാണ്. പത്ത് പേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ആശുപത്രിയിലെത്തിയിട്ടുണ്ട്. സംഭവത്തിൽ തമിഴ്‌നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. വിജയ്‌ക്കെതിരെയും കേസെടുത്തേക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് റാലി സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. താരത്തിന്റെ അംഗരക്ഷകർ ആരാധകരെ തള്ളിമാറ്റിയതും ജനം ഇളകാൻ കാരണമായെന്ന് റിപ്പോർട്ടുണ്ട്.

നാമക്കലിൽ തുടങ്ങിയ രാഷ്ട്രീയ പ്രചാരണ യാത്ര ഏറെ വൈകി ഇന്നലെ രാത്രിയോടെയാണ് കരൂരിൽ പ്രവേശിച്ചത്. മണിക്കൂറുകളോളം കാത്തുനിന്ന ആരാധകർ പ്രിയ താരത്തെ അടുത്തു കാണുന്നതിന് തിക്കിത്തിരക്കുകയായിരുന്നു. ഇതിനിടെ കുഴഞ്ഞുവീണവർ ചവിട്ടേറ്റ് മരിച്ചെന്നാണ് പ്രാഥമിക വിവരം.