
ടൊയോട്ടയുടെ എസ്‌യുവി മോഡലായ അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ പുതിയ പതിപ്പ് ഉടൻ വിപണിയിലെത്തും. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി വാഹനത്തിന്റെ ഡിസൈൻ സംബന്ധിച്ച സൂചനകൾ നൽകുന്ന ടീസർ കമ്പനി പുറത്തുവിട്ടു. കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാറ്റങ്ങളോടെയുള്ള പുതിയ പതിപ്പ് ഉടൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ.
വാഹനത്തിന്റെ രൂപത്തിലും അകത്തളത്തിലും ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ പതിപ്പ് കറുപ്പ് നിറത്തിലാണ് എത്തുക. ഇത് ടൊയോട്ടയുടെ ഹൈലക്സ് എഡിഷനിൽ കണ്ടിട്ടുള്ളതിന് സമാനമാണ്. സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് വേറിട്ടുനിൽക്കുന്നതിനായി ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ചില ഡിസൈൻ പരിഷ്‌കാരങ്ങളും വാഹനത്തിൽ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്.
പുറംഭാഗത്തിന് അനുസൃതമായി വാഹനത്തിന്റെ ക്യാബിനിലും ഓൾ-ബ്ലാക്ക് അപ്ഹോൾസ്റ്ററി ആയിരിക്കും പ്രധാന ആകർഷണം. ഡാഷ്‌ബോർഡ് അടക്കമുള്ള പ്രത്യേക ഭാഗങ്ങളിൽ പുതിയ എഡിഷന് മാത്രമായുള്ള ബാഡ്ജുകളും ഇൻസേർട്ടുകളും ഉൾപ്പെടുത്തിയേക്കാം.
വാഹനം പാർക്ക് ചെയ്യുമ്പോൾ ചുറ്റുമുള്ളതെല്ലാം മുകളിൽ നിന്ന് കാണുന്നതുപോലെ സ്ക്രീനിൽ കാണാൻ കഴിയും. ഇത് പാർക്കിംഗ് എളുപ്പമാക്കാൻ സഹായിക്കും. കാറിന്റെ മേൽക്കൂരയുടെ മുന്നിൽ നിന്ന് പിന്നിലേക്ക് നീളുന്ന വലിയ ഗ്ലാസ് പാനൽ വാഹനത്തിനുള്ളിൽ കൂടുതൽ പ്രകാശവും ഭംഗിയും നൽകും.
സീറ്റുകൾ ബട്ടൺ ഉപയോഗിച്ച് എളുപ്പത്തിൽ ക്രമീകരിക്കാൻ സാധിക്കും. ടിപിഎംഎസ് എന്ന സംവിധാനം വഴി ടയറുകളിലെ കാറ്റിന്റെ അളവ് കുറഞ്ഞാൽ ഉടൻതന്നെ ഡ്രൈവർക്ക് മുന്നറിയിപ്പ് ലഭിക്കും. ഇതിനായി ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ മികച്ച സുരക്ഷ ഉറപ്പാക്കാൻ ആറ് എയർബാഗുകളും വാഹനത്തിലുണ്ടാകും.
പെട്രോൾ, സിഎൻജി പതിപ്പുകളിൽ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ തിരഞ്ഞെടുക്കാൻ സാധിക്കും. ഹൈബ്രിഡ് വേരിയന്റ് എഞ്ചിൻ ഒരു ഇ-ഡ്രൈവ് ട്രാൻസ്മിഷൻ യൂണിറ്റുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് 91 ബിഎച്ച്പി പവറും 141 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.
ഫോർ-വീൽ ഡ്രൈവ് വേരിയന്റിൽ ഉണ്ടായിരുന്ന ഫൈവ് സ്പീഡ് മാനുവൽ ഗിയർബോക്‌സിന് പകരം, ഇനിമുതൽ സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ആയിരിക്കും ഉൾപ്പെടുത്തുക. ഇതാണ് പതിപ്പിലെ പ്രധാന മെക്കാനിക്കൽ മാറ്റം. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എയ്‌റോ എഡിഷന്റെ ലോഞ്ച് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാം. പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണം.