
നടി സായ് പല്ലവിയുടെയും സഹോദരി പൂജയുടെയും പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ബിക്കിനി ചിത്രങ്ങൾക്കെതിരെ താരം നേരിട്ട് രംഗത്ത്. എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത വ്യാജചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് അവധിക്കാലത്തെ യഥാർത്ഥ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് സായ് പല്ലവിയുടെ പ്രതികരണം.
സഹോദരി പൂജയ്‌ക്കൊപ്പം കടൽ തീരത്ത് അവധി ആഘോഷിക്കുന്നതിന്റെ യഥാർത്ഥ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സായ് പല്ലവി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചത്. "ഇതൊന്നും എഐ അല്ല, യഥാർത്ഥ ചിത്രങ്ങളാണ്" എന്ന അടിക്കുറിപ്പോടെയാണ് താരം വ്യാജചിത്രങ്ങൾ പ്രചരിപ്പിച്ചവർക്ക് മറുപടി നൽകിയത്.
വ്യാജചിത്രങ്ങൾ വൈറലായതിന് ശേഷം താരത്തിന്റെ സിനിമയിലെ ഇമേജും സ്വകാര്യ ജീവിതത്തിലെ വേഷവിധാനവും താരതമ്യം ചെയ്ത് ചിലർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ആരാധകരും സിനിമാ ലോകത്തെ പ്രമുഖരും നടിക്ക് പിന്തുണയുമായെത്തി. അവധിക്കാലത്ത് എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിപരമാണെന്നും ഓൺ സ്ക്രീൻ ഇമേജും സ്വകാര്യ ജീവിതവും രണ്ടാണെന്നും ആരാധകർ ചൂണ്ടിക്കാണിച്ചു.
കടലിൽ ചിരിച്ചുകൊണ്ട് നിൽക്കുന്നതിന്റെയും കറുത്ത കണ്ണട വച്ച് ബീച്ചിൽ വിശ്രമിക്കുന്നതിന്റെയും ചിത്രങ്ങളാണ് പങ്കുവച്ചവയിൽ ഉൾപ്പെട്ടിരുന്നത്. സായിയും പൂജയും ഒന്നിച്ചുള്ള മനോഹരമായ സെൽഫികളും ദൃശ്യങ്ങളിൽ കാണാം. എന്നാൽ, സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതുപോലെയുള്ള ബിക്കിനി ചിത്രങ്ങൾ ഇവയിൽ ഒന്നുപോലുമില്ല.
സായ് പല്ലവിയും സഹോദരി പൂജയും ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പൂജ നേരത്തെ പങ്കുവച്ചിരുന്നു. ഇതിൽ സായ് പല്ലവി നീന്തൽ വേഷത്തിൽ കടലിൽ നിൽക്കുന്ന ചിത്രങ്ങളും ഉണ്ടായിരുന്നു. ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഈ ചിത്രങ്ങളെ ദുരുപയോഗം ചെയ്യുകയും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് 'ബിക്കിനി ചിത്രങ്ങൾ' എന്ന പേരിൽ പ്രചരിപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് യഥാർത്ഥ അവധിക്കാല ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് സായ് പല്ലവി പ്രതികരണവുമായി എത്തിയത്.