
റായ്‌പൂർ: ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. തിരിയാർപാനി വനങ്ങളിൽ ഇന്നലെയായിരുന്നു ഏറ്റുമുട്ടൽ. അവരുടെ തലയ്ക്ക് 14 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നതായി അധികൃതർ അറിയിച്ചു. വധിച്ചവരിൽ തലയ്ക്ക് എട്ട് ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് വിശ്വനാഥ് എന്ന ശ്രാവൺ മദ്കവും ഉൾപ്പെടുന്നു. പ്രദേശത്തുനിന്ന് വൻ ആയുധശേഖരവും കണ്ടെത്തി. എസ്.എൽ.ആർ, 303 റൈഫിൾ, പന്ത്രണ്ട് ബോർ തോക്ക് ഉൾപ്പെടെ പിടിച്ചെടുത്തവയിലുണ്ട്. ചിൻഡ്ഖടക്, തിരിയാർപാനി ഗ്രാമങ്ങളിൽ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ റിസർവ് ഗാർഡ് തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ മാവോയിസ്റ്റുകൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയും സേന ശക്തമായി തിരിച്ചടിയ്ക്കുകയുമായിരുന്നു.